KeralaLatest News

പെരിയ ഇരട്ടക്കൊലപാതകം : മുൻ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് ആണ് കേസ് അന്വേഷിച്ചത്. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്

കാസർകോട് : പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎം മുൻ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി.സിബിഐ കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. 2019 ഫെബ്രുവരി 17ന് നടന്ന സംഭവത്തിലാണ് വിധി.

9,11, 12, 13, 16, 18, 17, 19, 23, 24 എന്നീ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്.

മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനും സിപിഎം നേതാക്കളുമടക്കം 24 പേരായിരുന്നു കേസിൽ പ്രതിപട്ടികയിലുണ്ടായത്.
കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് നിലവിൽ പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ, സജി സി ജോർജ്, എം സുരേഷ്, അനിൽകുമാർ, ജിജിൻ, അശ്വിൻ, ശ്രീരാഗ്, എ സുബിൻ എന്നിവർക്കെതിരെ തെളിഞ്ഞത്.

ഗൂഢാലോചന, തെളിവുനശിപ്പിക്കൽ എന്നിവയാണ് മുരളി താനിത്തോട്, പ്രദീപ്, ആലക്കോട് മണികണ്ഠൻ, എൻ ബാലകൃഷ്ണൻ എന്നിവർക്കെതിരെ തെളിഞ്ഞത്. അതേസമയം കുടുംബ പ്രശ്നങ്ങൾ പറഞ്ഞ് ശിക്ഷ ഇളവ് തേടുകയാണ് പ്രതികൾ. പ്രായം ചെന്ന മാതാപിതാക്കളും കുട്ടികളുമുണ്ടെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു.

പതിനെട്ടാം വയസ്സിൽ ജയിലിൽ കയറിയതെന്നാണ് ഏഴാം പ്രതി അശ്വിന്റെ വാദം. പട്ടാളക്കാരൻ ആകാൻ ആഗ്രഹിച്ചു. വീട്ടുകാരെ ആറ് വർഷമായിട്ടും കാണാനായിട്ടില്ലെന്നും ഡിഗ്രിക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പ്രതി കോടതിയിൽ പറഞ്ഞു. അമ്മ രോഗാവസ്ഥയിലെന്ന് എട്ടാം പ്രതിയും കോടതിയെ അറിയിച്ചു. വധശിക്ഷ നൽകണമെന്ന് പതിനഞ്ചാം പ്രതി പ്രതികരിച്ചു. കരഞ്ഞു കൊണ്ടായിരുന്നു അപേക്ഷ. തന്നെ ജീവിതം അവസാനിപ്പിക്കാൻ സഹായിക്കണമെന്നും പതിനഞ്ചാം പ്രതി കോടതിയോട് പറഞ്ഞു.

പെരിയ ഇരട്ടക്കൊലപാതകം തുടക്കത്തിൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. 270 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്.

തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് ആണ് കേസ് അന്വേഷിച്ചത്. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button