Latest NewsKeralaNattuvartha

കുടിവെള്ള വിതരണം : ഈ നിബന്ധനകള്‍ പാലിക്കണം

കണ്ണൂര്‍ : ടാങ്കര്‍ ലോറികളിലും വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിലും കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ ഫുഡ് സേഫ്റ്റി 2011 പ്രകാരം എഫ്ബിഒ ലൈസന്‍സ് എടുക്കണമെന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഇത്തരം ലൈസന്‍സുള്ള ടാങ്കര്‍ ലോറികളില്‍/ടാങ്കുകളില്‍ മാത്രമേ സംസ്ഥാനത്ത് കുടിവെള്ളം വിതരണം/വില്‍പ്പന നടത്താന്‍ പാടുള്ളൂ. കുടിവെള്ള വിതരണത്തിനായി ഏതെങ്കിലും വ്യക്തി ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഈ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ ലൈസന്‍സില്‍ രേഖപ്പെടുത്തി പ്രത്യേകം ലൈസന്‍സ് എടുത്തിരിക്കണം.

കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിലും ‘Drinking Water /കുടിവെള്ളം” എന്ന് എഴുതി പ്രദര്‍ശിപ്പിക്കണം. മറ്റ് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വെളളമാണെങ്കില്‍ ‘Not for Drinking Purpose/നിര്‍മ്മാണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം എന്ന് എഴുതണം. ഇങ്ങനെ എഴുതാതെ കൊണ്ടുപോകുന്ന വെള്ളം കുടിവെള്ളമായി പരിഗണിച്ച് നിയമ നടപടികള്‍ സ്വീകരിക്കും. കുടിവെളളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിലും എഫ്ബിഒ ലൈസന്‍സ് നമ്പര്‍ രേഖപ്പെടുത്തണം. കുടിവെള്ളം ശേഖരിക്കുന്ന ടാങ്കറുകളുടെ ഉള്‍വശം ബിറ്റുമിനാസ്റ്റിക്ക് കോട്ടിങ്ങോ മറ്റ് അനുവദനീയ കോട്ടിങ്ങോ ഉള്ളവയായിരിക്കണം.

വാട്ടര്‍ അതോറിറ്റി ഒഴികെയുള്ള കുടിവെള്ള സ്രോതസ്സുകള്‍ക്ക് എഫ്ബിഒ ലൈസന്‍സ് ഉണ്ടായിരിക്കണം. ഇത്തരം ലൈസന്‍സുള്ള കുടിവെള്ള സ്രോതസ്സില്‍ നിന്ന് മാത്രമെ വെള്ളം ശേഖരിക്കാവൂ. കുടിവെള്ള സ്രോതസ്സുകളിലെ ജലം ആറ് മാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ ലാബുകളിലൊ എന്‍എബിഎല്‍ അക്രിഡിറ്റഡ് ലാബുകളിലൊ പരിശോധിച്ച് ശുദ്ധമാണെന്ന് ഉറപ്പ് വരുത്തുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കണം. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികളിലും വാഹനങ്ങളില്‍ ഘടിപ്പിച്ച ടാങ്കറുകളിലും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ലൈസന്‍സ്, കുടിവെള്ളം പരിശോധിച്ച അംഗീകൃത ലാബ് റിപ്പോര്‍ട്ട്, കുടിവെള്ള ടാങ്കറിന്റെ ശേഷി, കോട്ടിങ്ങ് എന്നിവയുടെ രേഖകള്‍ തുടങ്ങിയവ ഉണ്ടായിരിക്കണം. രേഖകള്‍ ഇല്ലാതെ കുടിവെള്ളം വിതരണം നടത്തിയാല്‍ വാഹനം പിടിച്ചെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button