മുംബൈ: ലോകകപ്പിനുള്ള 15 അംഗ ടീമില്‍ നിന്ന് ഒഴിവാക്കിയെങ്കിലും യുവതാരം ഋഷഭ് പന്തിനും മധ്യനിര ബാറ്റ്‌സ്മാന്‍ അംബാട്ടി റായുഡുവിനും പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനവുമായി ബിസിസിഐ.പന്തിനെയും റായുഡുവിനെയും ലോകകപ്പ് ടീമിലെ സ്റ്റാന്‍ഡ് ബൈ അംഗങ്ങളായി ബിസിസിഐ പ്രഖ്യാപിച്ചു.
റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരുവിന്റെ പേസര്‍ നവദീപ് സെയ്‌നിയും സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ ലിസ്റ്റിലുണ്ട്. 15 അംഗ ലോകകപ്പ് ടീമിലെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ഇവരെയാകും ടീമിലേക്ക് ആദ്യം പരിഗണിക്കുക.നേരത്തെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് തെരഞ്ഞെടുത്തതുപോലെ മൂന്ന് സ്റ്റാന്‍ഡ് ബൈ താരങ്ങളെയാണ് ലോകകപ്പിനായും തെരഞ്ഞെടുത്തിരിക്കുന്നത്.
ഋഷഭ് പന്ത് ആണ് ആദ്യ സറ്റാന്‍ഡ് ബൈ താരം. ടീമിലെ ബാറ്റ്‌സ്മാന്‍മാര്‍ക്കോ വിക്കറ്റ് കീപ്പര്‍ക്കോ പരിക്കേറ്റാല്‍ ആദ്യം പരിഗണിക്കുക പന്തിനെയാവും. അംബാട്ടി റായുഡു രണ്ടാമത്തെ സ്റ്റാന്‍ഡ് ബൈ താരമാവുമ്പോള്‍ 15 അംഗ ടീമിലെ രണ്ടാമതൊരു ബാറ്റ്‌സ്മാന് പരിക്കേറ്റാല്‍ റായുഡുവിനെ പരിഗണിക്കും. ടീമിലെ മൂന്ന് പേസര്‍മാരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാലാവും സെയ്‌നിയെ ടീമിലെടുക്കുക.
Post Your Comments