ഈജിപ്ത്: പലര്‍ക്കും ഈജിപ്ത്തിലെ ശവക്കല്ലറകളും നിധിപേടകങ്ങളുമെല്ലാം കേട്ടുകേള്‍വിമാത്രമാണ്. എന്നാല്‍ 2,500 വര്‍ഷം മുന്‍പ് അടക്കം ചെയ്ത ഈജിപ്ഷ്യന്‍ മമ്മിയുടെ ശവക്കല്ലറ തുറന്നപ്പോള്‍ ഗവേഷകര്‍ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണിവിടെ. ഡിസ്‌കവറി ട്രാവല്‍ ചാനലിലും സയന്‍സ് ചാനലിലുമാണ് ലോകത്താദ്യമായി ഒരു ശവക്കല്ലറ ലൈവായി തുറക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചത്. ഏപ്രില്‍ ഏഴിനായിരുന്നു സംഭവം.
ടൂറിസം മേഖലടെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈവായി ശവപ്പെട്ടി തുറക്കാമെന്ന ആശയം സര്‍ക്കാരിനു മുന്നിലെത്തുന്നത്. പുരാവസ്തു ഗവേഷണ മന്ത്രാലയം അതിന് അനുമതിയും നല്‍കി. ‘എക്‌സ്‌പെഡിഷന്‍ അണ്‍നോണ്‍: ഈജിപ്ത് ലൈവ്’ എന്ന പേരില്‍ പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്തു. ദശലക്ഷക്കിനു പേരാണ് ഈ കല്ലറ തുറക്കലിന്റെ വിഡിയോ ദൃശ്യങ്ങള്‍ കണ്ടത്.
https://youtu.be/L6MeJ0CsGno
അല്‍-ഗോരിഫ് എന്ന സ്ഥലത്തു നിന്നു കണ്ടെത്തിയ ശവപ്പെട്ടിയാണ് ലൈവിന് വേണ്ടി ഉപയോഗിച്ചത്. ഒരു നിധി പേടകമായിരുന്നു പെട്ടി തുറന്നപ്പോള്‍ കണ്ടത്. ഗവേഷകര്‍ ഈജിപ്തിലെ വിവിധ ഇടങ്ങളില്‍ നിന്നും ഒട്ടേറെ പേടകങ്ങള്‍ കുഴിച്ചെടുത്തിട്ടുണ്ട്. അതിസൂക്ഷ്മമായി മുദ്രവച്ച നിലയിലായിരുന്നു ശവപ്പെട്ടി. ഇതിന്റെ കവചത്തിനാകട്ടെ അസാധാരണമായ ഭാരവും. പലതരത്തിലുള്ള കൊത്തുപണികളും കവചത്തിലെ കല്ലില്‍ നടത്തിയിരുന്നു. ഇത് ഉയര്‍ത്തിമാറ്റിയതോടെ കണ്ടത് ലിനന്‍ തുണിയില്‍ പൊതിഞ്ഞ മമ്മി.
കേടുപാടുകളൊന്നും സംഭവിക്കാത്ത നിലയിലുള്ള പെട്ടിയില്‍ നിറയെ സ്വര്‍ണം കൊണ്ടുള്ള കരകൗശലവസ്തുക്കളും മറ്റ് അമൂല്യ വസ്തുക്കളുമായിരുന്നു.മമ്മിയോടു ചേര്‍ന്നു തന്നെ സ്വര്‍ണത്തില്‍ പൊതിഞ്ഞ ഒരു ദൈവ രൂപവും ഒരു വണ്ടിന്റെ പ്രതിമയും ഉണ്ടായിരുന്നു. ഏറെ പ്രധാന്യത്തോടെയായിരുന്നു ഈ ശവപ്പെട്ടി കല്ലറയില്‍ സൂക്ഷിച്ചിരുന്നത്. പുരാതന ഈജിപ്തിലെ മാന്ത്രിക വിദ്യകളുടെ ദൈവമായ തോത്തിനെ ആരാധിച്ചിരുന്ന പുരോഹിതന്റേതാകാം മമ്മിയെന്നാണു കരുതുന്നത്. ഈജിപ്തിലെ 26-ാം രാജവംശത്തിന്റെ കാലത്തായിരിക്കാം ജീവിച്ചിരുന്നതെന്നും കരുതുന്നു.
പുരോഹതിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ശവപ്പെട്ടികള്‍ നേരത്തേ തന്നെ തുറന്നിരുന്നു. രണ്ട് മമ്മികളും ഒരു വളര്‍ത്തു നായയുടെ മമ്മിയുമാണ് അന്നു ലഭിച്ചത്. കണ്ടെത്തിയ മമ്മികളിലൊന്ന് ഒരു യുവതിയുടേതായിരുന്നു. അലങ്കാരപ്പണികള്‍ നടത്തിയ മുഖംമൂടിയും മുത്തുകളുമെല്ലാം നിറഞ്ഞതായിരുന്നു യുവതിയുടെ മമ്മി. മൃതദേഹങ്ങളില്‍ നിന്നുള്ള ആന്തരികാവയവങ്ങള്‍ അടക്കം ചെയ്ത പ്രത്യേകം ജാറുകളും കണ്ടെത്തിയവയില്‍പ്പെടുന്നു. ഇവയേക്കാളെല്ലാം ഉപരിയായി ഒരു മെഴുകുപ്രതിമ കണ്ടെത്തിയതാണ് പുരാവസ്തു ഗവേഷകരെയും അമ്പരപ്പിച്ചത്. ഈജിപ്തിലെ ഒരു കല്ലറയിലും ശവപ്പെട്ടിയിലും ഇത്തരം പ്രതിമകള്‍ ഇന്നേവരെ കണ്ടെത്തിയിട്ടില്ല. ലൈവായിത്തുറന്ന മമ്മിയില്‍ കൂടുതല്‍ ഗവേഷണം നടത്താനൊരുങ്ങുകയാണ് ഗവേഷകസംഘം.
Post Your Comments