ന്യൂഡല്‍ഹി: ഇന്ത്യ ടുഡേ മികച്ച എം.പിമാരുടെ പട്ടിക പുറത്ത്. വടകരയില്‍ നിന്നും പാര്‍ലമെന്റിലെത്തിയ കോണ്‍ഗ്രസ് എം.പി മുല്ലപ്പള്ളി രാമചന്ദ്രനാണ് കേരളത്തില്‍ നിന്നുള്ള എം.പിമാരില്‍ ഒന്നാമതായി തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാമത് തിരുവനന്തപുരം എംപി ശശി തരൂരും മൂന്നാമത് ജോയിസ് ജോര്‍ജും നാലാമതായി ആലത്തൂര്‍ എം.പി പി.കെ. ബിജുവും തെരഞ്ഞെടുക്കപ്പെട്ടു. ലോക്സഭയിലെ എം.പിമാരുടെ പ്രകടനവും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളടക്കം മാനദണ്ഡമാക്കിയാണ് പട്ടിക നിര്‍ണയിച്ചിരിക്കുന്നത്.
എ. സമ്പത്ത്, എം.ബി രാജേഷ്, എന്‍.കെ പ്രേമചന്ദ്രന്‍, ആന്റോ ആന്റണി, പി കരുണാകരന്‍, എം.കെ രാഘവന്‍ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു എം.പിമാര്‍. ഓവറോള്‍ പ്രകടനത്തിന്റെ അടിസ്ഥാനപ്പെടുത്തി ഗ്രേഡ് നിശ്ചയിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ളവരുടെ പട്ടികയില്‍ മുല്ലപ്പള്ളി മാത്രമാണ് A+ നേടിയിരിക്കുന്നത്. ശശി തരൂര്‍, ജോയിസ് ജോര്‍ജ്, പി.കെ ബിജു എന്നിവര്‍ A ഗ്രേഡ് നേടിയമ്പോള്‍ ചാലക്കുടി എം.പി ഇന്നസെന്റിന് D+ മാത്രമെ നേടാനായുള്ളു. കേരളത്തിലെ പട്ടികയില്‍ അവസാന സ്ഥാനം നേടിയതും ഇന്നസെന്റ് തന്നെയാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ക്ക് D ഗ്രേഡും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്ക് C+ ഗ്രേഡും മാത്രമേ നേടാനായിട്ടുള്ളു.
മികച്ച പ്രകടനം കാഴ്ച്ചവെച്ച കേരളത്തിലെ സിറ്റിംഗ് എം.പിമാരുടെ പട്ടികയില്‍ പി.കെ ബിജു, എം.ബി രാജേഷ്, എ. സമ്പത്ത്, ജോയിസ് ജോര്‍ജ് എന്നിവര്‍ക്കാണ് ഏറ്റവും കൂടുതല്‍ വിജയ സാധ്യത നിലനില്‍ക്കുന്നത്. അതേസമയം തിരുവനന്തപുരത്ത് ശശി തരൂരിന് ശക്തമായ മത്സരം നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളില്‍ നടന്ന മറ്റു സര്‍വ്വേ ഫലങ്ങളില്‍ സിപിഎം എംപിമാര്‍ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിച്ചിക്കുന്നത്.
Post Your Comments