കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ മത്സരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ പോലീസ് അധിക്ഷേപിച്ചുവെന്ന് പരാതി. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാത്രിയില്‍ പോസ്റ്ററുകള്‍ പതിച്ച് മടങ്ങുമ്പോൾ ഇവരെ തടഞ്ഞുനിർത്തി പോലീസ് അധിഷേപിക്കുകയായിരുന്നു. സംഭവത്തില്‍ ട്രാന്‍ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ചിഞ്ചു അശ്വതിയ്ക്ക് (അശ്വതി രാജപ്പന്‍) കൊച്ചി പോലീസ് കമ്മീഷണര്‍ക്കും ജില്ലാ കളക്ടർക്കും പരാതി നല്‍കി.
14 രാത്രിയിലാണ് സംഭവം നടന്നത്. പോസ്റ്റർ പതിച്ച ശേഷം താമസിക്കുന്ന ലോഡ്ജിനടുത്ത് ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ചിഞ്ചു അശ്വതിയുടെ അടുത്ത് രണ്ട് പോലീസ് ജീപ്പുകള്‍ എത്തി തടയുകയും അസഭ്യവും ഭീഷണിയും മുഴക്കുകയുമായിരുന്നു. തന്റെ ദളിത്, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും സഞ്ചാര സ്വാതന്ത്ര്യം തടയുകയും നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കുകയും ചെയ്ത പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.
ഇതേ ആവശ്യവുമായി മുഖ്യമന്ത്രിക്കും, മനുഷ്യാവകാശ കമ്മിഷനും തിരഞ്ഞെടുപ്പു കമ്മിഷനും പരാതി നല്‍കുമെന്നും അശ്വതി പറഞ്ഞു. കേരളത്തില്‍ നിന്നു ലോക്‌സഭയിലേയ്ക്ക് മത്സരിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥനാർത്ഥിയും സ്വാതന്ത്ര സ്ഥാനാർത്ഥിയുമാണ് അശ്വതി.
Post Your Comments