ഗുവാഹത്തി: സമാധാനാന്തരീക്ഷം തകര്‍ന്ന ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനിച്ചു. ഏപ്രില്‍ 23ലേക്കാണ് വോട്ടെടുപ്പ് മാറ്റിയത്. വ്യാഴാഴ്ച്ചയായിരുന്നു വോട്ടെടുപ്പ് നടക്കേണ്ടത്. സംസ്ഥാനത്തെ ക്രമസമാധാന നിലയാകെ തകരാറിലാണെന്ന ത്രിപുര ചീഫ് ഇലക്ടറല്‍ ഓഫീസറുടെയും പ്രത്യേക പൊലീസ് നിരീക്ഷകന്റെയും റിപ്പോര്‍ട്ടിന്മേലാണ് നടപടി. ത്രിപുര വെസ്റ്റിലെ വോട്ടെടുപ്പ് ഏപ്രില്‍ 11നായിരുന്നു. വ്യാപക അക്രമങ്ങളാണ് ബിജെപി നേതൃത്വത്തില്‍ അന്ന് അഴിച്ചുവിട്ടത്. നിരവധി സിപിഐ എം പ്രവര്‍ത്തകരെ വോട്ട് ചെയ്യുന്നത് തടയുന്ന സംഭവമടക്കം ഉണ്ടായി.
ത്രിപുരയില്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് സിപിഐ എം തെരഞ്ഞെടുപ്പ് കമീഷന് നിവേദനം നല്‍കി. അക്രമ സംഭവങ്ങളും ക്രമക്കേടുകളും ഒഴിവാക്കാന്‍ കമീഷന്‍ നിര്‍ദേശിച്ച സിസിടിവി ചിത്രീകരണവും ലൈവ് സ്ട്രീമിങ്ങും ഉള്‍പ്പെടെ തടസ്സപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന ഭരണഘടനാബാധ്യത കമീഷന്‍ നിറവേറ്റണം. അത് ഉറപ്പാക്കുന്നതിന് ത്രിപുര ഈസ്റ്റ് മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥിയായ ജിതേന്ദ്ര ചൗധരി എട്ട് നിര്‍ദേശം കമീഷന് സമര്‍പ്പിച്ചു.
Post Your Comments