തിരുവനന്തപുരം•കാട്ടാക്കടയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ക്ഷേത്രത്തില്‍ നിന്ന് ഉച്ചഭാഷിണിയിലൂടെ നാമജപം നടന്ന സംഭവത്തില്‍ ഗൂഡാലോചന ആരോപിച്ച് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ഡി.ജി.പിയ്ക്കും പരാതി നല്‍കി. ദൂരപരിധി ലംഘിച്ചാണ് ഉച്ചഭാഷിണി സ്ഥാപിച്ചെന്നും യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. മൈക്ക് ഓപ്പറേറ്റര്‍, പോലീസ് എന്നിവര്‍ക്കെതിരെയാണ് പരാതി.
സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന് ഐ.ബി സതീഷ് എം.എല്‍.എ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡപ്രകാരം പൊതുയോഗത്തേപ്പറ്റി പോലീസിനെ വിവരം അറിയിച്ചിരുന്നതാണ്. ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നുണ്ടെന്നതിനാല്‍ ഉച്ചഭാഷിണി സംബന്ധിച്ച ദൂരപരിധിയേപ്പറ്റി ക്ഷേത്രം അധികൃതരോട് മുന്നറിയിപ്പ് നല്‍കണമെന്ന് പോലീസിനോട് എല്‍.ഡി.എഫ് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ പോലീസ് കൃത്യവിലോപം കാണിച്ചു. മുഖ്യമന്ത്രിയുടെ പൊതുയോഗം നടക്കുമ്പോളുളള പ്രോട്ടോക്കോള്‍ പോലീസ് പാലിച്ചില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയില്‍ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ഉച്ചഭാഷിണിയിലൂടെ നാമജപം മുഴങ്ങിയത്. പ്രസംഗം തടസപ്പെട്ടതോടെ കുപിതനായ മുഖ്യമന്ത്രി കാര്യം അന്വേഷിക്കുകയും തുടര്‍ന്ന് എല്‍.ഡി.എഫ് നേതാക്കളെത്തി ഉച്ചഭാഷിണിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു.
സംഭവം സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം വന്‍ വിവാദമായതിന് പിന്നാലെയാണ് ഗൂഢാലോചന ആരോപിച്ച് എല്‍.ഡി.എഫ് പരാതിയുമായി രംഗത്തെത്തിയത്.
Post Your Comments