Latest NewsElection NewsKerala

ബെന്നി ബെഹനാനെതിരെ പടുകൂറ്റന്‍ പ്രതിഷേധ റാലി

കൊച്ചി•തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്വന്റി 20 യെയും കിഴക്കമ്പലം പഞ്ചായത്തിനേയും പരസ്യമായി അവഹേളിച്ച ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ബെന്നി ബെഹനാനെതിരെ കിഴക്കമ്പലത്ത് പ്രതിഷേധ റാലി സംഘടിപ്പിച്ചു. കിഴക്കമ്പലം അന്നാ ജംഗ്ഷൻ മുതൽ ട്വന്റി 20 നഗർ വരെയാണ് റാലി സംഘടിപ്പിച്ചത് .

വാര്‍ത്താസമ്മേളനങ്ങളില്‍ കിഴക്കമ്പലത്തെ ട്വന്റി 20 സംഘടനയെ അറിയില്ലെന്നും ഇന്ത്യന്‍ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും കിഴക്കമ്പലം പഞ്ചായത്തിലേക്ക് അല്ലെന്നുമുള്ള ബെന്നി ബെഹനാന്റെ പരിഹാസമാണ് കിഴക്കമ്പലം ജനതയെ ചൊടിപ്പിച്ചത്. ഈ സാഹചര്യത്തിൽ ഇരുപതിനായിരത്തോളം വരുന്ന വോട്ടര്‍മാര്‍ ഉൾപ്പെടുന്ന ട്വിന്റി 20 പ്രസ്ഥാനം തെരഞ്ഞെടുപ്പില്‍ ബെന്നി ബെഹന്നാൻ വോട്ട് നല്‍കേണ്ടതില്ല എന്ന തീരുമാനത്തിലാണ് . ട്വന്റി20 കുടുംബയോഗങ്ങളിലാണ് പ്രതിഷേധം ശക്തമായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഇത്തരം പരിഹാസങ്ങള്‍ക്കെതിരെ മറുപടി നല്‍കണമെന്ന് കുടുംബയോഗങ്ങളില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി20 മത്സരിക്കുമെന്ന് അറിഞ്ഞതോടെ ബെന്നി ബഹനാന്‍ നിരവധി വേദികളില്‍ ട്വന്റി20 യെ പരിഹസിച്ചിരുന്നു. എന്നാല്‍ ജേക്കബ് തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്തിലായതോടെ ട്വന്റി20 മത്സരത്തില്‍ നിന്നും പിന്മാറുകയുമായിരുന്നു. ഇതോടെ ജയസാധ്യത മുന്നില്‍ കണ്ട് ഇടതു വലത് സ്ഥാനാര്‍ത്ഥികള്‍ പോര് ശക്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ അധിക്ഷേപത്തിനെതിരെ ട്വന്റി20 പ്രതിഷേധവുമായി രംഗത്തെത്തിയത്.

ട്വന്‍റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്, ട്വന്‍റി20 ചെയര്‍മാന്‍ ബോബി എം ജേക്കബ്, കോൺഫെഡറേഷൻ റസിഡന്റ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സാന്റി മാത്യു എന്നിവർ പ്രസംഗിച്ചു .

ജേക്കബ് തോമസ് ഐ.പി.എസ്, സെക്രട്ടറി അഗസ്റ്റിന്‍ ആന്‍റണി, പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജേക്കബ്, ബോർഡ് മെമ്പർമാരായ ബിജോയ് ഫിലിപ്പോസ് , പി ഐ ഉലഹന്നാൻ ,മറ്റു അംഗങ്ങൾ ഉൾപ്പടെ കിഴക്കമ്പലത്തെ വിവിധ വാർഡുകളിൽ നിന്നായി പതിനായിരത്തോളം ആളുകൾ പ്രതിഷേധ റാലിയിൽ പങ്കെടുത്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button