ലോക്സഭാ തിരഞ്ഞെടുപ്പിനായി 12 പേരുകള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ പട്ടികയില്‍ ഇടം പിടിച്ച ഏക വനിതാ സ്ഥാനാര്‍ത്ഥിയായിരുന്നു രമ്യാ ഹരിദാസ്. അധികം കേട്ട് പരിചയമില്ലാത്ത ഈ വനിതാ നേതാവ് ആരാണെന്നായി പിന്നീട് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അധികം വൈകാതെ തന്നെ ആലത്തൂര്‍ പിടിക്കാന്‍ കോണ്‍ഗ്രസ് ഇറക്കുന്ന ഈ യുവ നേതാവ് ചില്ലറക്കാരിയല്ലെന്ന് വ്യക്തമായി.
ആറ് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കണ്ടെടുത്ത യുവനേതാവാണ് രമ്യാ ഹരിദാസ്. നാല് ദിവസം നീണ്ടു നിന്ന ടാലന്റ് ഹണ്ട് പ്രോഗ്രാമിനിടെ രമ്യയുടെ നേതൃത്വ പാടവം രാഹുല്‍ ഗാന്ധി തിരിച്ചറിയുകയായിരുന്നു. നിലവില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യാ ഹരിദാസ്. പൊതുപ്രവര്‍ത്തന രംഗത്ത് മാത്രമല്ല കലാരംഗത്തും കഴിവുതെളിയിച്ചയാളാണ് രമ്യാ. പാട്ട് പാടിയും ഒഴുക്കോടെ സംസാരിച്ചും കേള്‍വിക്കാരെ കൈയ്യിലെടുക്കുന്ന രമ്യാ ഹരിദാസിന്റെ ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്.
പഠന കാലത്ത് കെഎസ്യുവിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു രമ്യാ ഹരിദാസ്. പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെ കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറിയായി. നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ കൂടിയാണ് രമ്യാ. ഗാന്ധിയന്‍ സംഘടനയായ ഏകതാ പരിഷത്തിന്റെ മുഖ്യ പ്രവര്‍ത്തക കൂടിയാണ് രമ്യ. പൊതുപ്രവര്‍ത്തന രംഗത്ത് മാത്രമല്ല കലാരംഗത്തും മികവ് തെളിയിച്ചിട്ടുണ്ട് രമ്യാ. കലോത്സവങ്ങളിലും നൃത്തവേദികളും തിളങ്ങി. ഇടയ്ക്ക് നൃത്താധ്യാപികയുടെ വേഷത്തിലും പ്രത്യക്ഷപെട്ടു.
ജഹവര്‍ ബാലജനവേദിയിലൂടെയാണ് രമ്യ കടന്നുവരുന്നത്. പഠനകാലത്ത് കെഎസ്യുവിലൂടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവയായി. പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെ കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറിയായി. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ കൂടിയാണ് രമ്യാ ഹരിദാസ്. കോഴിക്കോട് നെഹ്‌റു യുവ കേന്ദ്രയുടെ 2007ലെ പൊതുപ്രവര്‍ത്തക അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട് രമ്യ. ആദിവാസി-ദളിത് സമരങ്ങളില്‍ പങ്കെടുത്തു. കേരളത്തില്‍ മാത്രമല്ല രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നടന്ന സമരങ്ങളില്‍ അണിചേര്‍ന്നിട്ടുണ്ട് രമ്യ. 2012ല്‍ ജപ്പാനില്‍ നടന്ന ലോക യുവജന സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്.
കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളിയായ പിപി ഹരിദാസിന്റെയും രാധയുടെയും മകളാണ് രമ്യ. പാര്‍ട്ടി തന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നവെന്നാണ് രമ്യയുടെ പ്രതികരണം. പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോകാന്‍ ജീവിതാനുഭവങ്ങളും പാര്‍ട്ടിയുമാണ് തനിക്ക് കരുത്തേകുന്നതെന്ന് രമ്യ പറയുന്നു.
Post Your Comments