KeralaLatest News

മന്ദബുദ്ധികളായ ട്രോളന്‍മാരോട് കണ്ണന്താനത്തിന്റെ ഉപദേശം

കൊച്ചി: ട്രോളന്‍മാരുടെ ഇരയാകാത്ത രാഷ്ട്രീയ നേതാക്കള്‍ ചുരുക്കം. എന്നാല്‍ ചെയ്യുന്നതും പറയുന്നതുമായ എല്ലാകാര്യങ്ങളും ട്രോളന്‍മാര്‍ ഏറ്റെടുക്കുന്ന രാഷ്ട്രീയ നേതാവാണ് എറണാകുളം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം.സമൂഹമാധ്യമങ്ങളില്‍ ഏറ്റവും ട്രോളുകള്‍ക്ക് വിധേയനാകുന്ന ഇദ്ദേഹം തന്നെ ട്രോളുന്ന ട്രോളന്മാര്‍ക്ക് ചുട്ടമറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ്.മറ്റൊരുപണിയുമില്ലാത്തവരാണ് തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നെഗറ്റീവ് കമന്റിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കോടതിയിയില്‍ കയറി വോട്ട് ചോദിച്ചു എന്നതായിരുന്നു സംഭവം. വോട്ടഭ്യര്‍ഥിക്കാന്‍ പറവൂരിലെത്തിയ അദ്ദേഹം പറവൂര്‍ അഡീഷണല്‍ സബ് കോടതി മുറിയില്‍ കയറിയതാണ് വിവാദത്തിനിടയാക്കിയത്. വ്യാഴാഴ്ച രാവിലെ ആയിരുന്നു സംഭവം. ബാര്‍ അസോസിയേഷന്‍ പരിസരത്ത് വോട്ട് ചോദിച്ച് എത്തിയ സ്ഥാനാര്‍ഥി അവിടെ വോട്ടഭ്യര്‍ഥിച്ചശേഷം സമീപത്തുള്ള അഡീഷണല്‍ സബ് കോടതി മുറിയിലേക്ക് കയറുകയായിരുന്നു. ഈ സമയം കോടതി ചേരാനുള്ള സമയമായിരുന്നു. കേസിനായി എത്തിയവരും അഭിഭാഷകരും കോടതിമുറിയിലുണ്ടായിരുന്നു. സ്ഥാനാര്‍ഥി കോടതിമുറിയില്‍ കയറിയതും വോട്ടര്‍മാരെ കണ്ടതും ചട്ടലംഘനമാണെന്നാണ് ആരോപണം. എന്നാല്‍ കണ്ണന്താനം കോടതി മുറിയില്‍ കയറിയ സമയത്ത് ജഡ്ജ് കോടതിയില്‍ ഉണ്ടായിരുന്നില്ല.ഇവിടെ നിന്ന് പുറത്തിറങ്ങിയശേഷമാണ് ജഡ്ജിയെത്തിയത്. . സ്ഥാനാര്‍ഥിക്കൊപ്പം ബി.ജെ.പി. നേതാക്കളുമുണ്ടായിരുന്നു. കോടതിയില്‍ കയറിയതല്ലാതെ വോട്ടഭ്യര്‍ഥിച്ചില്ലെന്നാണ് ബി.ജെ.പി. നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കോടതി തുടങ്ങുന്നത് 11 മണിക്ക് ജഡ്ജി വരുമ്പോള്‍മാത്രമാണ്. താന്‍ 10.50 ന് കോടതിയില്‍കയറി 10.55 ന് പുറത്തിറങ്ങി. ഇതൊക്കെ ചില മന്ദബുദ്ധികളായ ആളുകള്‍ കേരളത്തിലെ ജനങ്ങളെ മണ്ടന്മാരാക്കാനായി ചെയ്യുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.പ്രളയ ക്യാമ്പില്‍കയറി അവരുടെ കൂടെ ജീവിക്കാനും ഭക്ഷണം കഴിക്കാനും അവരുടെ കൂടെ കിടക്കാനും ധൈര്യമുള്ള ഏക മന്ത്രി താനായിരുന്നു. പോയി പട്ടം പറപ്പിക്കൂ മക്കളെ… വിമാനത്താവളത്തില്‍ നിന്ന് വന്നപ്പോള്‍ ഞാന്‍ ആര്‍ക്കോ കൈ കൊടുത്ത് വോട്ട് ചോദിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്ന് വരുമ്പോള്‍ ഗൂഗിള്‍മാപ്പ് നോക്കി ഇങ്ങേവശം ചാലക്കുടിയാണോ അങ്ങേവശം എറണാകുളമാണോ എന്ന് നോക്കി എറണാകുളത്ത് മാത്രമേ ചിരിച്ചുകാണിക്കു എന്നൊക്കെ പറയുന്നത് വെറും മന്ദബുദ്ധികളുടെ ചിന്തയാണ്. ഇവരെ പറ്റി എന്ത് പറയാനാണ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളം ഇടതും വലതും ഭരിച്ച് കൊളമാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരെല്ലാം വിദേശത്തേക്കും മറ്റും പോകുന്നു. ഇവിടെയുള്ള ചെറുപ്പക്കാരാണെങ്കില്‍ അരിശം മൂത്താണ് എണീറ്റു വരുന്നത്. അത് തീര്‍ക്കന്‍ ആരെയെങ്കിലും കരുവാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. അതിനാലാണ് ഇത്തരം നുണക്കഥകള്‍ പടച്ചു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തില്‍ പട്ടാളക്കാരന്‍ മരിച്ചിടത്ത് താന്‍ പത്തുമണിക്കൂറോളം നിന്ന് അവിടെ വന്ന ആയിരക്കണക്കിന് ആളുകളെ നിയന്ത്രിച്ചു. എന്നാല്‍ പ്രചരിച്ചത് താന്‍ സെല്‍ഫി എടുക്കുന്ന തരത്തിലുള്ള വ്യാജ ചിത്രം. ടൈ മാസികയുടെ കവറില്‍ ലോകത്തിലെ നൂറ് നേതാക്കന്‍മാരുടെ പട്ടികയില്‍ താനുമുണ്ട്. എന്നാല്‍ തന്റെ പടം കൂട്ടിചേര്‍ത്തതാണെന്ന് ഇത്തരക്കാര്‍ പ്രചരിപ്പിച്ചു. ഇങ്ങനെ മറ്റൊരു പണിയുമില്ലാതെ നടക്കുന്നവര്‍ക്ക് പറ്റിയ പണി ഒരു തൂമ്പായും എടുത്ത് രണ്ട് വാഴ നടുന്നതാണ്. അതിന് വെള്ളവുമൊഴിക്കണം. രണ്ട് വാഴ നട്ടാല്‍ഇത്തിരി ഉപ്പേരിയെങ്കിലും തിന്നാം, എന്നുമാണ് ട്രോളന്‍മാര്‍ക്ക് കണ്ണന്താനം കൊടുക്കുന്ന ഉപദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button