കൽപ്പറ്റ: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തുന്നുവെന്നുളള വിവരത്തെ തുടര്‍ന്ന് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് എൻഡിഎ സ്ഥാനാര്‍ഥി തുഷാർ വെള്ളാപ്പള്ളി സംസ്ഥാനസർക്കാരിന് കത്ത് നൽകി. ഇപ്പോഴുളള സുരക്ഷയില്‍ തൃപ്തനല്ലെന്നും കൂടുതല്‍ സുരക്ഷ ഒരുക്കണമെന്നുമാണ് തുഷാര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം സുരക്ഷ ആവശ്യമില്ലെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി പി പി സുനീർ വ്യക്തമാക്കിയിരിക്കുന്നത്. വയനാട്ടിലെ എല്‍ഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടു പോകാനോ പ്രചാരണ സ്ഥലത്ത് മാവോയിസ്റ്റുകള്‍ ആക്രമണം നടത്താനോ സാധ്യതയുണ്ടെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വനത്തോട് ചേര്‍ന്ന് കിടക്കുന്ന മേഖലകളില്‍ സ്ഥാനാര്‍ഥികള്‍ പ്രചാരണം നടത്തുമ്പോള്‍ പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിനായി ഇരു പാര്‍ട്ടികളുടേയും സ്ഥാനാര്‍ഥികള്‍ക്ക് പേഴ്സണല്‍ ഗൺമാന്‍മാരെ നിയമിക്കും. ഇതോടൊപ്പം വനാതിര്‍ത്തികളിലെ പ്രചാരണത്തിന് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് പോലീസ് തിരുമാനിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നും വോട്ട് ചെയ്യുന്നത് നിഷേധിക്കണമെന്നും മാവോയ്സ്റ്റുകള്‍ വയനാടുളള ജനങ്ങളോട് ആവശ്യപ്പെടുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു.
Post Your Comments