NewsIndia

ഗുജറാത്തില്‍ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി നേതാക്കളുടെ കൂടുമാറ്റം; പ്രതീക്ഷയോടെ ബിജെപി

 

അഹമ്മദാബാദ്: നേതാക്കളുടെ കൂടുമാറ്റവും എംഎല്‍എമാരുടെ രാജിയും സമുദായ സംഘടനകള്‍ കൈയൊഴിയുന്നതും ഗുജറാത്തില്‍ കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കോണ്‍ഗ്രസ് നേതാക്കളെ പണവും പദവിയും നല്‍കി ബിജെപി പാട്ടിലാക്കുമ്പോള്‍ നേതൃത്വം കാഴ്ചക്കാരാവുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ഉണ്ടായ മുന്നേറ്റം നിലനിര്‍ത്താന്‍ ഇപ്പോള്‍ സാധിക്കുന്നില്ല. അന്ന് ഒപ്പമുണ്ടായിരുന്ന പല സമുദായ നേതാക്കളും കോണ്‍ഗ്രസില്‍നിന്ന് അകന്നു. എന്‍സിപി ഉള്‍പ്പെടെയുള്ള പാര്‍ടികളുമായി സഖ്യമുണ്ടാക്കി ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍പോലും കോണ്‍ഗ്രസ് തയ്യാറായില്ല. പത്തോളം മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള പാര്‍ടിയാണ് എന്‍സിപി. ജാതി സമവാക്യങ്ങള്‍ നിര്‍ണായകമായ ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള പടലപ്പിണക്കവും പ്രധാന പ്രശ്‌നമാണ്. താക്കൂര്‍ സേനാ നേതാവ് അല്‍പേഷ് താക്കുറും രണ്ട് എംഎല്‍എമാരും കഴിഞ്ഞദിവസം രാജിവച്ചത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി. മൂന്ന് മാസത്തിനിടെ പട്ടേല്‍ പ്രക്ഷോഭ നേതാക്കളിലൊരാളായിരുന്ന ആശാ ബെന്‍ പട്ടേല്‍ ഉള്‍പ്പെടെ ആറ് എംഎല്‍എമാരാണ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പിന് പത്ത് ദിവസംമാത്രം അവശേഷിക്കെ താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട മൂന്ന് എംഎല്‍എമാരുടെ രാജി.

അല്‍പേഷ് താക്കൂറും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന രണ്ട് എംഎല്‍എമാരും പാര്‍ടി വിട്ടത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകും. സംസ്ഥാനത്തെ വോട്ടര്‍മാരില്‍ 45 ശതമാനവും ഒബിസി വിഭാഗത്തില്‍ നിന്നാണെന്നിരിക്കെ അതിലെ ഭൂരിഭാഗം വരുന്ന താക്കൂര്‍ വോട്ടുകള്‍ ഭിന്നിച്ചുപോയാല്‍ തങ്ങള്‍ക്ക് ഗുണംചെയ്യുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഗുജറാത്ത് ക്ഷത്രിയ താക്കൂര്‍ സേന(ജികെടിഎസ്), ഒബിസി–എസ്‌സി–എസ്ടി ഏക്ത മഞ്ച് എന്നീ സമുദായ സംഘടനകളുടെ കണ്‍വീനര്‍ കൂടിയായ അല്‍പേഷ് താക്കൂര്‍ ജികെടിഎസിന്റെ പ്രചാരണങ്ങളില്‍ സജീവമാകുമെന്ന് പ്രഖ്യാപിച്ചു. ബനസ്‌കന്ദ ലോക്‌സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉഞ്ച നിയമസഭാ മണ്ഡലത്തിലുമാണ് ജികെടിഎസ് മത്സരിക്കുന്നത്. വടക്കന്‍ ഗുജറാത്തിലെ സബര്‍കന്ദ, ബനസ്‌കന്ദ, പഠാന്‍ എന്നിവിടങ്ങളിലും ഉഞ്ചയിലും ഇതിലൂടെ ബിജെപിക്ക് നേട്ടമുണ്ടായേക്കും. ഗാന്ധിനഗര്‍, മെഹ്‌സന, അഹമ്മദാബാദ് ഈസ്റ്റ്, വെസ്റ്റ് എന്നീ മണ്ഡലങ്ങളിലും താക്കൂര്‍ വോട്ടുകള്‍ നിര്‍ണായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button