തിരുവനന്തപുരം: വികസന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക ചെലവഴിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ആര്‍.കെ. സിംഗ്. ദീനദയാല്‍ ഗ്രാം ജ്യോതി യോജനയില്‍ 485 കോടി രൂപയാണ് കേന്ദ്രം നല്‍കിയത്. നാലര വര്‍ഷത്തിന് ശേഷവും 213 കോടി രൂപ ചെലവഴിച്ചതിന്റെ കണക്കുകള്‍ മാത്രമാണ് കേരളം സമര്‍പ്പിച്ചത്. പ്രളയത്തിന് ശേഷം വൈദ്യുതീകരണം പുനസ്ഥാപിക്കാന്‍ 19 കോടി നല്‍കിയിരുന്നു. ഇതുവരെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടില്ല. തുക ചെലവഴിച്ചോയെന്ന് അറിയില്ല. എന്തുകൊണ്ടാണിത്. എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.
അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ മുഴുവന്‍ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിക്കാന്‍ സാധിച്ചത് മോദി സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമാണ്. സ്വാതന്ത്ര്യത്തിന് ശേഷം എഴുപത് വര്‍ഷമായി അവഗണിക്കപ്പെട്ടിരുന്ന കശ്മീരിലെയും ലഡാക്കിലെയും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും ഉള്‍ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ വൈദ്യുതിയെത്തി. അഴിമതി അവസാനിപ്പിക്കാനും ഇടനിലക്കാരെ പുറത്താക്കാനും സാധിച്ചു. യുപിഎ ഭരണ കാലത്ത് അഴിമതി നടത്തി രാജ്യത്ത് സുഖമായി ജീവിച്ചിരുന്നവര്‍ മോദി വന്നതിന് ശേഷം നാടുവിട്ടു. അവരുടെ കോടിക്കണക്കിന് സ്വത്തുകള്‍ കണ്ടുകെട്ടിയിട്ടുണ്ട്. കുറ്റക്കാരെ ഉടന്‍ തിരിച്ചെത്തിച്ച് അര്‍ഹമായി ശിക്ഷ ഉറപ്പാക്കും.
പരാജയം ഭയന്നിട്ടാണ് അമേഠിയില്‍നിന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടിയതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. നെഹ്‌റു കുടുംബം വര്‍ഷങ്ങളായി പ്രതിനിധീകരിക്കുന്ന അമേഠിയില്‍ ജനങ്ങള്‍ക്ക് വേണ്ടി അവര്‍ ഒന്നും ചെയ്തില്ല. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് രാഹുല്‍ വയനാട് തെരഞ്ഞെടുത്തത്. ക്ഷേത്രങ്ങള്‍ കയറിയിറങ്ങിയിട്ടും രാഹുലിന് പ്രത്യേക മതവിഭാഗങ്ങള്‍ കുറവുള്ള മണ്ഡലം തെരഞ്ഞെടുക്കേണ്ടി വന്നു. ശബരിമല ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. ബിജെപി വിശ്വാസികള്‍ക്കൊപ്പമാണ്. കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. ലോകത്ത് മുഴുവന്‍ പരാജയപ്പെട്ട കമ്യൂണിസം ഇന്ന് കേരളത്തില്‍ മാത്രമാണുള്ളത്. ലാവ്‌ലിന്‍ അഴിമതിയില്‍ ആരോപണം നേരിട്ടയാളാണ് പിണറായി വിജയനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments