കൊച്ചി : വയനാട്, എറണാകുളം ലോക് സഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനായി സരിത എസ് നായർ നൽകിയ നോമിനേഷൻ റിട്ടേണിങ് ഓഫീസർ തള്ളിയിരുന്നു. ഇതിനെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തള്ളിയതിനെ തുടർന്ന് ഡിവിഷണൽ ബെഞ്ചിൽ ഇന്ന് വീണ്ടും അപ്പീൽ ഫയൽ ചെയ്തു. നാളെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചു കേസ് പരിഗണിക്കുന്നത്. അഡ്വ. ആളൂർ ആണ് സരിതക്കുവേണ്ടി ഹാജരാകുന്നത്.
ദേശീയ ശ്രദ്ധ ആകർഷിക്കപ്പെട്ട വയനാട് ലോക്സഭാ മണ്ഡലത്തിൽ ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയുടെ നോമിനേഷൻ റിട്ടേണിങ് ഓഫീസർ തള്ളിയത് ഗുരുതര വീഴ്ചയാണ്. ജനാധിപത്യം എന്ന വൃക്ഷത്തിൽ കത്തി വയ്ക്കുന്നതിന് തുല്യമാണെന്നും, ഒരു വ്യക്തിയുടെ മത്സരിക്കാനുള്ള അവകാശത്തെ ആണ് നോമിനേഷൻ തള്ളിയ നടപടികൊണ്ടു സൂചിപ്പിക്കുന്നത് എന്നും ചൂണ്ടികാട്ടി സരിത സിംഗിൾ ബെഞ്ചിനെ സമീപിച്ചു. എന്നാൽ ഹർജിക്കാരിക്ക് ഇലക്ഷൻ നടപടികൾക്ക് ശേഷം ഇലക്ഷൻ ഹർജി നൽകി ആവശ്യമായ നിവൃത്തികൾ തേടാമെന്ന് പറഞ്ഞ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് സരിത നായർ അഡ്വ. ആളൂർ മുഖാന്തരം ഡിവിഷണൽ ബെഞ്ചിനെ സമീപിക്കുന്നത്.
സരിതക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നുള്ള അനുകൂല വിധി ഉണ്ടാകുകയോ അല്ലെങ്കിൽ വയനാട്, എറണാകുളം ലോക് സഭാ മണ്ഡലത്തിലെ ഇലക്ഷൻ നടപടികൾ നിർത്തി വെയ്ക്കാനോ ഉത്തരവ് ഉണ്ടായാൽ കോൺഗ്രസ് അദ്ധ്യക്ഷൻ അടക്കമുള്ള നേതാക്കൾക്ക് വൻ തിരിച്ചടി ആകും എന്ന് മാത്രമല്ല രാഷ്ട്രീയ ജീവിതം തന്നെ മാറി മറയുമെന്ന് ചിലർ വിലയിരുത്തുന്നു.
Post Your Comments