News

ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ലേഖകന്റെ കൈയില്‍ തന്നെ ചായപ്പാത്രം എല്‍പ്പിച്ചാലോ? – കുമ്മനത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

തിരുവനന്തപുരം: ഇന്റര്‍വ്യൂ ചെയ്യാനെത്തിയ തന്റെ കൈയിലേക്ക് ചായപ്പാത്രം നീട്ടിയ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ കുറിച്ചാണ് ടിബി ലാല്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ ഇന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്. ഒരു സ്ഥാനാര്‍ത്ഥി എങ്ങനെയാവണം അല്ലെങ്കില്‍ ഒരു നേതാവ് എങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണമാണ് കുമ്മനമെന്നാണ് ലാലിന്റെ പോസ്റ്റിലൂടെ വ്യക്തമാകുന്നത്. ബിജെപി പ്രവര്‍ത്തകര്‍ ലാലിന്റെ പോസ്റ്റ് ഏറ്റെടുത്തു കഴിഞ്ഞു. എന്തായാലും സാധാരണക്കാരിേലക്ക് ഇറങ്ങിച്ചെല്ലുന്ന കുമ്മനത്തെ തിരുവനന്തപുരംകാര്‍ ഏറ്റെടുക്കുമെന്ന വിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍

ലാലിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്റർവ്യൂ ചെയ്യാനെത്തിയ ലേഖകന്റെ കൈയിൽ തന്നെ ചായപ്പാത്രം എൽപ്പിച്ചാലോ?

കുമ്മനം രാജശേഖരനുമൊത്ത് ഒരു പ്രഭാതം

കഴിക്കുന്നതിനു മുമ്പ്, ആഹാരത്തിനു മുന്നിലിരുന്നു സന്യാസിമാരും ഗൃഹസ്ഥരുമൊക്കെ ഒരു മന്ത്രം ജപിക്കാറുണ്ട്.
സമസ്തലോകത്തിനും ജീവജാലങ്ങൾക്കും സുഖം പകരണേ എന്ന ശാന്തിമന്ത്രം. കുമ്മനം രാജശേഖരൻ സന്യാസിയോ ഗൃഹസ്തനോ അല്ല, രാഷ്ട്രീയക്കാരനാണ്. എന്നിട്ടും ഭക്ഷണത്തിനു മുന്നിലിരുന്നു കണ്ണുകൾ പൂട്ടി ഒരു നിമിഷത്തെ നിശബ്ദ പ്രാർഥനയിലാണ്.
ജഗതി ബണ്ടുറോഡു കോളനിയിലെ വീട്ടിലാണു പ്രഭാതഭക്ഷണം. കുടുസുമുറിയിൽ നിലത്തുവിരിച്ച പായയിൽ ചമ്രം പടിഞ്ഞുള്ള ഇരിപ്പ്. ഇഡലിയും സാമ്പാറും വടയും സമൂസയും ഞാലിപ്പൂവൻ പഴവും വിഭവങ്ങൾ. കൂടെ മധുരമില്ലാത്ത ചായ.
ചമ്രം പടിഞ്ഞിരിക്കാൻ കുമ്മനത്തിനു ബുദ്ധിമുട്ടില്ല.
വർഷങ്ങൾക്കു മുമ്പേ തുടങ്ങിയ ശീലമാണ്. ഒപ്പം യോഗയും. ശീലവും യോഗയും സമാസമം ചേർന്നപ്പോൾ ആരോഗ്യ കാര്യത്തിൽ വിധിപ്രകാരം കുമ്മനത്തിനിപ്പോൾ രാജയോഗമാണ്.
നിലത്തിരിപ്പിനെപ്പറ്റി ചോദിച്ചു.
‘കഴിവതും നിലത്താണ് ഇരിക്കുന്നത്. പ്രചാരകനായിരുന്ന കാലംമുതൽ അങ്ങനെയാണ്. കല്യാണങ്ങൾക്കോ ചടങ്ങുകൾക്കോ ഒക്കെ പോകുമ്പോൾ പതിവുതെറ്റും.’
മിസോറാം ഗവർണറായപ്പോൾ പതിവുതെറ്റി. ഗവർണർ നിലത്തിരുന്ന് കഴിക്കുന്നതു ശരിയല്ലല്ലോ. അങ്ങനെ കുറക്കാലം രാജ്ഭവനിലെ ഡൈനിങ് ടേബിളിലിരുന്നായി കഴിപ്പ്. വിഭവങ്ങളിൽ അപ്പോഴും ആർഭാടമില്ല. അക്കാലത്തു കേരളത്തിൽ നിന്നും കുമ്മനത്തെ കാണാൻ മിസോറാമിൽ ചെന്നവർ പറഞ്ഞ കഥകളുണ്ട്. ‘അവിടെയും രാജേട്ടനു കഞ്ഞിയും പയറുതോരനും പപ്പടവും തന്നെ.’
കഴിക്കുന്നതിനു മുമ്പുള്ള ഈ പ്രാർഥന എന്താണ്?
പ്രതീക്ഷിക്കാത്ത ചോദ്യത്തിനുത്തരം ആദ്യം ചിരി.
‘മനസ്സിനകത്തു സാഹോദര്യത്തിന്റെ ഒരു പങ്കിടലാണ്. ഈ വീട്ടിൽ വന്ന് നമ്മൾ ആഹാരം കഴിക്കുകയാണ്. ഈ ഭക്ഷണം അവരുടെ അധ്വാന ഫലമാണ്. അതു പങ്കിടുന്ന അവർക്കു നന്മയുണ്ടാകണം. ഉപജീവനത്തിനായി അവർ ജോലിചെയ്യുന്ന സ്ഥാപനങ്ങൾ അഭിവൃദ്ധിപ്പെടണം. അത്തരം തൊഴിലിടങ്ങൾ‍ വഴി നാടു വളരണം. എല്ലാം ഒന്നിനൊന്നു ബന്ധപ്പെട്ടിരിക്കുകയാണ്.’

ആദ്യമേ ആർഎസ്എസ്, പക്ഷേ
രാഷ്ട്രീയം പഠിച്ചതു സോഷ്യലിസ്റ്റിൽ നിന്നും

കോട്ടയം ജില്ലയിൽ ആർഎസ്എസ് സജീവമാകുമ്പോൾ കുമ്മനം നേതൃനിരയിലുണ്ട്. ജില്ലയിലെ 5–ാമത്തെ ശാഖ കുമ്മനം ഗ്രാമത്തിലായിരുന്നു. 12 കാരനും വിദ്യാർഥിയുമായ രാജശേഖരൻ മുഖ്യശിക്ഷകൻ. 70–ൽ മന്നത്തു പത്മനാഭൻ മരിച്ച ദിവസം കുമ്മനം നാട്ടിലൊരു പൊതുയോഗം സംഘടിപ്പിച്ചു.
‘കുമ്മനത്തേയ്ക്ക് അന്നു റോഡില്ല. മീനച്ചിലാറിന്റെ കൈവഴിയായ അഞ്ചുണ്ണിയാറിലൂടെ വള്ളത്തിൽ മൈക്കു വച്ചുകെട്ടി അനൗൺസ്മെന്റ് നടത്തി.’
യോഗത്തിന് ആളുകൂടി. അതോടെ നാട്ടുകാർക്കിടയിർ പേരായി.
ആർഎസ്എസ് ആണെങ്കിലും രാഷ്ട്രീയം പഠിപ്പിച്ചത് അച്ഛന്റെ സുഹൃത്തായിരുന്ന സോഷ്യലിസ്റ്റുകാരൻ പി.ബി.ആർ പിള്ളയായിരുന്നു. അദ്ദേഹം മൂന്നുതവണ ജനതാപാർട്ടി അംഗമായി നിയമസഭയിലെത്തി.
ഇന്ദിരാഗാന്ധിയുടെ കാറിനു മുന്നിൽ കരിങ്കൊടിയുമായി ചാടി ഹീറോയായ ആളാണ്. 70–ൽ ഏറ്റുമാനൂരിൽ നിന്നും മൽസരിച്ചപ്പോൾ അദ്ദേഹം കുമ്മനത്തിന്റെ അച്ഛനും എൻഎസ്എസ് താലൂക്ക് യൂണിയൻ ഭാരവാഹിയുമായ വി.കെ. രാമകൃഷ്ണപിള്ളയെ കാണാനെത്തി.
അന്ന് അച്ഛൻ സ്ഥാനാർഥിക്കു കൊടുത്ത വാഗ്ദാനം കേട്ടു കുമ്മനം തല കറങ്ങി വീണില്ലെന്നേയുള്ളൂ.
‘പി.ബി.ആറിനെ സഹായിക്കാൻ രാജൻ വരും.’
അച്ഛന്റെ ധിക്കരിച്ചില്ല, പി.ബി.ആറിന്റെ കൂടെ പോയി. അതായിരുന്നു ആദ്യത്തെ തിരഞ്ഞെടുപ്പുകളരി. .
പിൽക്കാലത്തു പത്രപ്രവർത്തനം പഠിപ്പിക്കാൻ പിള്ള കുമ്മനത്തെ തിരുവനന്തപുരത്തേക്കു കൊണ്ടുവന്നു. എംഎൽഎ ഹോസ്റ്റലിൽ പാർപ്പ്. അന്നത്തെ ക്ലാസ് മേറ്റ് ലീലാ മേനോൻ പിന്നീടു ജന്മഭൂമിയുടെ എഡിറ്ററായി മാറി.

കായ്ച്ചു മധുരം പകർന്നു നാടാകെ
‘രാജേട്ടന്റെ സമ്മാനങ്ങൾ’

ഇഡലിയെ വേദനിപ്പിക്കാതെയാണു സാമ്പാറൊഴിച്ച് ഉടയ്ക്കുന്നത്. അതിനിടെ വീട്ടിലെ കുട്ടികളെ പരിചയപ്പെട്ടു. സംഗീതയും സിദ്ധാർത്ഥും. കുട്ടികളോടു കുമ്മനത്തിനു പ്രത്യേക ഇഷ്ടം തന്നെയുണ്ട്.
കുട്ടികൾ തന്നെ ‘സാർ’ എന്നു വിളിക്കുന്നത് ഇഷ്ടമല്ല. പകരം ‘കുമ്മനം’ എന്നു വിളിച്ചോളാൻ പറയും. എൽകെജി പ്രായമുള്ള കുരുന്നുകൾ ‘കുമ്മനം’ എന്നു വിളിക്കുന്നതുകേട്ട് പൊട്ടിച്ചിരിക്കാനിഷ്ടം. കൗമാരക്കാർക്ക് അദ്ദേഹം ‘രാജേട്ട’നാണ്.
യാത്രകളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി സവിശേഷ സമ്മാനം കരുതാറുണ്ട് : പ്ലാവിൻ തൈകൾ! സ്വയം പാകി മുളപ്പിച്ചെടുക്കുന്നതാണ്. കേരളമാകെ സഞ്ചരിച്ച് അങ്ങനെ കുറെ തൈകൾ നൽകി. .
ചക്കയുടെ പ്രചാരണത്തിലും കുമ്മനം സജീവമായിരുന്നു.
‘10 വർഷം മുമ്പായിരുന്നു അത് ആ ക്യാംപയിൻ പിന്നീടു വ്യക്തികളും സംഘടനകളുമൊക്കെ ചേർന്നു വിജയമാക്കി. സർക്കാർ ചക്കയെ വിശിഷ്ട ഫലമായി പ്രഖ്യാപിച്ചു.’
കല്യാണത്തിനു ക്ഷണിക്കുന്നവരോടു കുമ്മനം പറയാറുണ്ട്.
‘സദ്യയിൽ ചക്ക കൊണ്ട് എന്തെങ്കിലുമുണ്ടെങ്കിലേ പങ്കെടുക്കൂ..’ ഏത്തവാഴക്കൃഷിയിലും ഒരു കൈ നോക്കിയിട്ടുണ്ട്. .

സോദ്ദേശ്യകവിയും
പത്രപ്രവർത്തകനും

പ്രചാരണം കൊണ്ടുപിടിച്ചിട്ടുണ്ട്. അതിനിടയിൽ പത്രവായന മുടങ്ങുന്നതാണ് സങ്കടം.
‘ഒരു മനസുഖം തോന്നില്ല!’
‘ദീപിക’യിലൂടെയാണു മാധ്യമ പ്രവർത്തനത്തിനു തുടക്കം. പിന്നീടു 4 പത്രങ്ങളിൽ കൂടി ജോലി ചെയ്തു. 10 വർഷക്കാലം ജന്മഭൂമിയുടെ ചുമതലക്കാരനായപ്പോൾ എഴുത്തു മാത്രമല്ല പത്രക്കെട്ടു വണ്ടിയിൽ കയറ്റാൻവരെ കുമ്മനം കൂടെ നിന്നിരുന്നു.
എതിരാളിയായ ശശി തരൂരിനെപ്പോലെ കുമ്മനവും എഴുത്തുകാരൻ തന്നെ. കവിതയാണു തട്ടകം. രണ്ടുവരി കവിത മനസ്സിൽ വന്നാൽ അപ്പോളതു കുറിച്ചു വയ്ക്കും.
ആലപ്പി രംഗനാഥും എൽ.പി.ആർ വർമയും പട്ടണക്കാടു പുരുഷോത്തമനും കുമ്മനത്തിന്റെ പാട്ടുകൾ പാടിയിട്ടുണ്ട്.
‘ശക്തിരഥയാത്ര’യിൽ മുഴങ്ങിക്കേട്ട പാട്ട് കുമ്മനത്തിന്റേതായിരുന്നു.
‘എഴുത്തെല്ലാം സോദ്ദേശ്യ രചനകളാണ്. ആരെയും ഉപദ്രവിക്കാനല്ല’
(ചിരി)

ഇത്തവണ ഒന്നാം സ്ഥാനത്തുതന്നെ

‘വിജയത്തിൽ കുറഞ്ഞൊന്നും ഈ തിരഞ്ഞെടുപ്പിൽനിന്നു പ്രതീക്ഷിക്കുന്നില്ല. ജനങ്ങൾക്കു വേണ്ടിയാണു സ്ഥാനാർത്ഥിത്വം.
എന്റെ കാര്യം ജനങ്ങൾ നോക്കുമെന്നു വിശ്വാസമുണ്ട്.’
അല്‍പ്പനേരം രാഷ്ട്രീയം പറഞ്ഞു.
‘60 വർഷംകൊണ്ടു പറ്റാത്തതു 5കൊല്ലം കൊണ്ടു മോദി നേടിയില്ലേ? കേരളത്തിൽ വിശ്വാസികൾക്കു രക്ഷയില്ല. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങൾ ഭരിക്കുന്നതു വിശ്വാസികളാണോ? മാറ്റം ആവശ്യമാണ്.’

മുറ്റത്തേക്കിറങ്ങി കല്ലിൻമുകളിൽ വച്ച മടക്കുവീണ അലുമിനിയം ബക്കറ്റിൽ നിന്നും വെള്ളമെടുത്തു കൈ കഴുകി കുമ്മനം ആതിഥേയയായ ഷിജിയോടു പറ‍ഞ്ഞു, ‘ഇഡലി നന്നായിട്ടുണ്ട്. സാമ്പാറും മോശമല്ല കേട്ടോ.’

https://www.facebook.com/tb.lal/posts/2597909726948025

shortlink

Related Articles

Post Your Comments

Related Articles


Back to top button