ശബരിമല: വിഷു പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമുണ്ടാകില്ല. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും.
നാളെ പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും തുടര്‍ന്ന് പതിവ് പൂജകളും ഉണ്ടാകും.വിഷുക്കണി ദര്‍ശനം 15ന് പുലര്‍ച്ചെ 4 മുതല്‍ 7 വരെയാണ്. വിഷുക്കണി ദര്‍ശിക്കുന്ന ഭക്തര്‍ക്ക് തന്ത്രി, മേല്‍ശാന്തി എന്നിവര്‍ കൈനീട്ടം നല്‍കും.
നെയ്യഭിഷേകം,കളഭാഭിഷേകം,പടിപൂജ എന്നിവ നടതുറന്നിരിക്കുന്ന എല്ലാദിവസങ്ങളിലും സന്നിധാനത്ത് ഉണ്ടാകും. സാധാരണ ഗതിയില്‍ മണ്ഡല മകരവിളക്ക് കഴിഞ്ഞാല്‍ ശബരിമലയില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതും മേട വിഷുവിനാണ്.ദേവസ്വം ബോര്‍ഡിന്റെ കലണ്ടറിലും ഡയറിയിലും നല്‍കിയതിനേക്കാള്‍ ഒരു ദിവസം നേരത്തയാണ് നട തുറക്കുന്നത്.
19-ന് രാത്രി പത്തിന് ഹരിവരാസനം പാടി നടയടയ്ക്കും
Post Your Comments