KeralaLatest News

ഒരു സ്ത്രീ തന്റെ ലൈംഗിക തൃപതിക്കുവേണ്ടി മക്കളെ വിട്ടു കൊടുത്തു, മക്കളുടെ ചികിത്സക്ക് പണത്തിന് വേണ്ടി അയാളെ സഹിച്ചതായിരുന്നെങ്കില്‍ അവളെ കരുണയോടെ കണ്ടേനെ; ഏഴ് വയസുകാരനോടുള്ള ക്രൂരതയിൽ പ്രതികരണവുമായി തനൂജ ഭട്ടതിരി

തൊടുപുഴയില്‍ അമ്മയുടെ കാമുകന്‍ മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരിയായ തനുജ ഭട്ടതിരി. ഒരു സ്ത്രീ തന്റെ ലൈംഗിക തൃപതിക്കുവേണ്ടി മക്കളെ വിട്ടു കൊടുത്തു. അവള്‍ മക്കളിലൊരാളിലെ ചികിത്സക്ക് വേണ്ട പണത്തിനു വേണ്ടി അയാളെ സഹിച്ചതായിരുന്നെങ്കില്‍ നമ്മളൊക്കെ അവളെ കരുണയോടെ കണ്ടേനെയെന്നും സ്ത്രീ ലൈംഗികത ഒരു നാണം കെട്ട കാര്യമായാണ് സമൂഹം ഇന്നും കാണുന്നതെന്നും ഫേസ്ബുക്കിലൂടെ അവർ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

എഴുതണ്ട എന്നു കരുതിയാലും ചിലപ്പോൾ എഴുതിപ്പോവും. ഒരമ്മയെ കുറിച്ചാണ് ആദ്യം പറയുന്നത്. മലയാളിയാണ്. അന്യ സംസ്ഥാനത്തു ജീവിക്കുന്നവരാണ് . (അച്ഛനും അച്ഛന്റെ സുഹൃത്തും രണ്ടു ചെറിയ മക്കളുമാണ് അവരുടെയൊപ്പം.) മക്കളെ നോക്കി കുടുംബം കൊണ്ടു പോകുന്ന ഒരു നല്ല അമ്മയായിരുന്നത്രെ അവർ. ഒരു ദിവസം മുതൽ അവരുടെ സ്വഭാവം മാറി തുടങ്ങി. എപ്പോഴും എല്ലാം വൃത്തിയാക്കൽ തുടങ്ങി. മക്കളുടെ പുറകെ നടന്ന് അവരെ വൃത്തിയുടെ പേരിൽ ഉപദ്രവിക്കുക പതിവായി. കുട്ടികൾ അച്ഛനോട് പരാതി പറഞ്ഞു കൊണ്ടിരുന്നു. അച്ഛനാദ്യം ഒന്നും കാര്യമാക്കിയില്ല, മുറിയുടെ മതിൽ ഉൾപ്പെടെ എന്നും അവർ വെള്ളമൊഴിച്ചു കഴുകിക്കൊണ്ടിരുന്നപ്പോഴും എന്തെങ്കിലും ചെയ്തോട്ടെ എന്നു വെച്ചു. ഒരു ദിവസം അയാളുടെ പേഴ്സിലെ രൂപയൊക്കെ എടുത്ത് വൃത്തിയാക്കാൻ വെള്ളത്തിലിട്ട് കഴുകിയപ്പോഴാണ് മക്കൾ പറഞ്ഞതിന്റെ പ്രാധാന്യം അയാൾക്ക് മനസ്സിലായത്. സ്കൂൾ ബാഗും പുസ്തകവും വെള്ളത്തിൽ മുക്കിവെക്കുകയും തടയാൻ കുട്ടികൾ ചെല്ലുമ്പോൾ അവരെ കഠിനമായി ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. അമ്മയെ അടുത്തുള്ള ഡോക്ടറെ കാണിച്ചു. മരുന്ന് കഴിക്കാൻ കൊടുത്തു എന്നാൽ അടുത്ത ദിവസം മകൻ ( അവൻ ആറാം ക്ലാസ്സ് വിദ്യാത്ഥിയാണ്) ക്ലാസ് കഴിഞ്ഞ് വന്ന് കുളിമുറിയിൽ കുളിക്കാൻ കയറിയതാണ്. അണുക്കളൊക്കെ ചാകട്ടെ എന്നു പറഞ്ഞ് തിളച്ച വെള്ളം മകന്റെ ശരീരത്തിലേക്ക് ആ അമ്മ കോരി കമഴ്ത്തി. പൊള്ളി പിടഞ്ഞമകൻ കുട്ടിയാണെങ്കിലും അമ്മയെ ശക്തമായി അടിക്കുകയും ഉന്തി താഴെയിടുകയും ചെയ്തു .അവന്റെ മുഖവും നെഞ്ചും നല്ലവണ്ണം പൊള്ളിയിരുന്നു .പിന്നീടാണ് അവിടെ വീട്ടിൽ ” മാനേജ്” ചെയ്യാൻ നിവൃത്തിയില്ല എന്നു പറഞ്ഞു നാട്ടിലേക്ക് ചികിത്സക്കു കൊണ്ടുവരുന്നത്. ആ കുഞ്ഞു മകൻ ഡോക്ടറോട് ചോദിക്കുന്നത് കേട്ടു ” അമ്മയെ ഡോക്ടറ് അഡ്മിറ്റ് ചെയ്യുല്ലേ? ഞങ്ങടെ കൂടെ വിടല്ലേ .ഇവിടെ മുറിയില് കട്ടിലില് കെട്ടിയിടണം. ” അതിൽ കൂടുതൽ കേൾക്കാൻ ഞാൻ നിന്നില്ല. രോഗമാണല്ലേ? നാളെ എനിക്കും നിങ്ങൾക്കും വരാവുന്ന ഒരു മാനസികരോഗം .ഇനി ഒരു പെൺകുട്ടിയുടെ ജീവിതം പറയാം. കോളേജിൽ പഠിക്കുന്നു. മിടുക്കി. എല്ലാവരോടും നന്നായി പെരുമാറും. ആരും ഇഷ്ടപ്പെടും. നല്ല കുട്ടി എന്ന് എല്ലാരും അവളെ കുറിച്ച് പറഞ്ഞു. താമസിയാതെ ചില മാറ്റങ്ങൾ വന്നു അവളിൽ. ആരെന്തു ചോദിച്ചാലും തർക്കുത്തരം പറയും. വെറുതെ വഴക്കിനു പോകും, പലരും ആദ്യം അതൊന്നും കാര്യമാക്കിയില്ല .എന്നാൽ അവൾ പച്ചത്തെറി പറയാൻ തുടങ്ങിയപ്പോൾ അതും വീട്ടിലും കോളേജിലും മുതിർന്നവരോടും അദ്ധ്യാപകരോടും ഒക്കെ ,കേട്ടാൽ ചെവി പൊത്തുന്ന തെറി പറഞ്ഞു തുടങ്ങിയപ്പോൾ അവളെ മാനസിക രോഗത്തിനു ചികിത്സിച്ചു തുടങി. എന്നാൽ പ്രത്യേകിച്ച് മറ്റ് മാനസിക പ്രശ്നമൊന്നുമില്ല എന്നു കണ്ട് വീട്ടുകാർ പരിഭ്രമിച്ചു. രോഗമെന്തെന്നറിഞ്ഞിരുന്നെങ്കിൽ ചികിത്സിച്ച് ഭേദമാക്കാമായിരുന്നല്ലോ എന്നവർ പറഞ്ഞു കൊണ്ടിരുന്നു. പിന്നീടാണ് വിദഗ്ധചികിത്സയ്ക്ക് നഗരത്തിലേക്ക് കൊണ്ടുവരുന്നത്. തുടർന്നുള്ള പരിശോധനയിൽ ബ്രയിനിൽ ട്യൂമർ കണ്ടെത്തി സങ്കീർണമായ ഒരു ശസ്ത്രക്രിയ അവൾക്ക് വേണ്ടിവന്നു. ആ ട്യൂമർ കണ്ടു പിടിച്ചില്ലായിരുന്നെങ്കിൽ അവളിന്നും തെറിയും പറഞ്ഞ് ഏതെങ്കിലും ഭ്രാന്താശുപത്രിയിലെ അഴിക്കുള്ളിൽ കിടന്നേനെ. മൂന്നു വർഷം മുമ്പ് ഈ പെൺ കുട്ടിയുടെ കഥ മുഴുവൻ പ്രശസ്ത പത്രത്തിന്റെ ഞായറാഴ്ച പതിപ്പിൽ കവർ സ്റ്റോറി യായിരുന്നു. മിടുക്കിയായി ആ കുട്ടി തുടർന്നു പഠിച്ചു .ഈ രണ്ട് സ്ത്രീകളെ കുറിച്ച് പറയാൻ കാരണം മാനസിക രോഗം കൊണ്ടും, ശരീരത്തെ ബാധിക്കുന്ന പലതരം രോഗം കൊണ്ടും, പല സമയം ,പല മനുഷ്യർ ,പല വിധത്തിൽ പെരുമാറുന്നു. ആ സമയം ,ബോധമുള്ള, രോഗമില്ലാത്ത കുറച്ചു മനുഷ്യരുടെ ഇടപെടൽ ദാരുണ സംഭവങ്ങൾ ഉണ്ടാകാതെ നോക്കും .തൊടുപുഴയിലെ അമ്മയെ മനോരോഗിയുടെ ആനുകൂല്യത്തോടെ കാണേണ്ട കാര്യമില്ലെങ്കിലും നമ്മളൊക്കെ സ്വയം ചില ചോദ്യങ്ങളൊക്കെ ചോദിക്കണം .ആസ്ത്രീയെ എന്നും അയാൾ ഉപദ്രവിക്കുമായിരുന്നു എന്നു കേൾക്കുന്നു, കഠിനമായ ദേഹോപദ്രവം ഏറ്റ് പുറത്ത് പറയാനാവാതെ ശരീരത്തിനും മനസ്സിനും ശക്തി നഷ്ടപ്പെട്ട് തളർന്ന് ജീവിക്കുന്ന എത്ര സ്ത്രീകൾ നമ്മുടെയിടയിൽ തന്നെയുണ്ട്. ശക്തയായ സ്ത്രീകൾ എന്നു കരുതുന്നപരിൽ പോലും ഇത്തരം സ്ത്രീകളെ കാണാം. ചെറുപ്പ കാലമൊക്കെ കഴിഞ്ഞാണ് കുറച്ചെങ്കിലും സ്ത്രീകൾക്ക് പ്രതിരോധം സൃഷ്ടിക്കാനാവുന്നത്. അപ്പോഴേക്കും അവളുടെ ജീവിതം കഴിയാറായിരിക്കും .സ്വപ്നങ്ങൾ നശിച്ചിരിക്കും. ഈ അമ്മ രണ്ടാമതൊരാളെ സ്വീകരിച്ചതാണ് ഒരു പ്രശ്നമായി കാണുന്നത് പലരും. അവിടെ ലൈംഗികത യാണ് പ്രശ്നം. ഒരു സ്ത്രീ തന്റെ ലൈംഗീക തൃപതിക്കുവേണ്ടി മക്കളെ വിട്ടു കൊടുത്തു. അവൾ മക്കളിലൊരാളിലെ ചികിത്സക്ക് വേണ്ട പണത്തിനു വേണ്ടി അയാളെ സഹിച്ചതായിരുന്നെങ്കിൽ നമ്മളൊക്കെ അവളെകരുണയോടെ കണ്ടേനെ. സ്ത്രീ ലൈംഗീകത ഒരു നാണം കെട്ട കാര്യമായാണ് സമൂഹം ഇന്നും കാണുന്നത്. ഏത് സന്ദർഭത്തിലും ഒരു കുഞ്ഞിന്റെ നേരെയുള്ള ആkraമണം തെറ്റാണെന്ന്നമ്മളറിയണം. അവന്റെ ജീവനെടുത്തതിന് കാരണമെന്തായാലും അതിൽ ഉൾപ്പെട്ടവരൊക്കെ ശിക്ഷിക്കപ്പെടണം. ഇനി ഒരു കുഞ്ഞും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മുതിർന്നവരുടെ കൈയൂക്കിൽ പിട യാതിരിക്കണം. ലജ്ജയോടെ തലകുനിച്ച് പറയട്ടെ ഞാനെന്റെ കുട്ടികളെ അടിച്ചിട്ടുണ്ട്. നന്നായി ഉപദ്രവിച്ചിട്ടുണ്ട്. എന്റെ അറിവില്ലായ്മയും എന്റെ അനുഭവക്കുറവും എന്റെ ചെറുപ്പവും എന്റെ ദേഷ്യവും എന്റെ അപകർഷതാ ബോധവും ഒക്കെ ചേർന്ന് എനിക്ക് തോന്നിയപ്പോൾ എന്റെ വരുതിയിൽ ആകെ കൂടെയുള്ള എന്റെ മക്കളെ ഞാൻ ഉപദ്രവിച്ചു .ഭാഗ്യംകൊണ്ട് മറ്റു ചില നല്ല കാരണങ്ങളാൽ ഞാനവരെ അങ്ങേയറ്റം സ്നേഹിച്ചു. അതവർ മനസ്സിലാക്കാൻ അവരോടൊപം കളിച്ചു. ചിരിച്ചു അവർ ചെയ്യുന്ന എല്ലാം ചെയ്തു. അതിനാലാവാം അവർ എനിക്ക് അപ്പോളപ്പാൾ മാപ്പു തന്നത്, എന്റെ തെറ്റ് എന്റെ തെറ്റാണെന്ന് ബോദ്ധ്യപ്പെടുത്തി തന്നതും എന്റെ മക്കളാണ്. ശരിക്കും മാതാപിതാക്കൾ പഠിക്കേണ്ടത് മക്കളിൽ നിന്നാണ്. മക്കൾ എത്രയോ വലുതായി, ഇന്ന് ഞാൻ വിശ്വസിക്കുന്നത് കുട്ടികളെ ശിക്ഷിക്കാൻ അച്ഛനമ്മമാർക്കല്ല ആർക്കും അവകാശമില്ലെന്നാണ്. പരസ്പരം വിധിക്കാതെ താങ്ങാ വാൻ മനുഷ്യർ ബന്ധങ്ങൾ നിലനിർത്തണം ക്രൂരരായ അച്ഛനുമമ്മയും അല്ല അവർ ക്രൂരരായമനുഷ്യരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button