തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ മുഹമ്മദ് ആസിമിന് പഠിക്കാനായി സമരം ചെയ്യേണ്ടി വന്നത് കേരളീയ സമൂഹത്തിന് അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആസിം പഠിക്കുന്ന ഗവ. മാപ്പിള യു.പി.എസിനെ ഹൈസ്‌കൂളാക്കി അപ്‌ഗ്രേഡുചെയ്യാന്‍ ഇനിയും വൈകരുതെന്നും സര്‍ക്കാര്‍ ഇതിന് മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറയുകയുണ്ടായി. തന്റെ കാലുകൊണ്ടെഴുതിയ കത്തുമായി ആസീം മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നു. പരിഗണിക്കാമെന്ന് വാഗ്‌ദാനം നല്‍കിയ മുഖ്യമന്ത്രി പിന്നീട് ഇക്കാര്യം നിരസിച്ചെന്നും ചെന്നിത്തല അറിയിച്ചു. പഠിക്കണമെന്നാവശ്യവുമായി ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവായ ആസീം നടത്തിയ വീല്‍ചെയര്‍ സഹനസമരത്തിന്റെ സമാപനം സെക്രട്ടേറിയറ്റ് മുന്നില്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. 90ശതമാനവും വൈകല്യമുള്ള ആസിം കോഴിക്കോട് വെള്ളിമണ്ണ ഗവ. യു.പി സ്‌കൂള്‍ പരിസരത്ത് നിന്ന് ഫെബ്രുവരി 15 ന് തുടങ്ങിയ വീല്‍ചെയര്‍ യാത്ര 450 കി.മീ താണ്ടിയാണ് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്.
Post Your Comments