മലപ്പുറം:മലപ്പുറം എടപ്പാളില്‍ നാടോടി പെണ്‍കുട്ടിയെ അടിച്ച് പരുക്കേല്‍പിച്ച സംഭവത്തില്‍ സിപിഎം നേതാവ് സി.രാഘവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെയാണ് ആക്രി പെറുക്കുന്നതിനിടെ പെണ്‍കുട്ടിയെ അടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചത്. തടയാനെത്തിയ മറ്റൊരു യുവതിക്കും പരുക്കേറ്റിരുന്നു. വട്ടംകുളം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റി അംഗവുമാണ് രാഘവന്‍. തൊടുപുഴ സംഭവത്തിന്റെ നടുക്കം മാറും മുമ്പ് എടപ്പാളില്‍ നിന്നെത്തിയ ക്രൂരതയുടെ വാര്‍ത്ത മലയാളികളെ ശരിക്കും ഞെട്ടിക്കുകയാണ്.കുറച്ച് ഇരുമ്പ് കഷണങ്ങള്‍ അധികം പെറുക്കിയതിന്റെ പേരിലാണ് ഇന്നലെ അവള്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്.
രക്ഷിക്കാനെത്തിയ മാതൃസഹോദരിക്കും പരുക്കേറ്റു. കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം വിവാദമായതോടെ സിപിഎം നേതാവ് കൂടിയായ രാഘവനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റു രേഖപ്പെടുത്തി. വട്ടംകുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റി അംഗവുമാണ് സി.രാഘവന്‍. തനിക്ക് നേരിടേണ്ടി വന്ന ആക്രമണത്തിന്റെ നടുക്കം മാറിയിട്ടില്ല ആ പിഞ്ചുകുട്ടിക്ക്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. എടപ്പാള്‍ പട്ടാമ്പി റോഡിലുള്ള രാഘവന്റെ കെട്ടിടത്തിനടുത്തുനിന്നു പെണ്‍കുട്ടി ആക്രി പെറുക്കുന്നത് രാഘവന്‍ വിലക്കി.
തുടര്‍ന്നും സാധനങ്ങള്‍ പെറുക്കിയെന്ന പേരില്‍ ചാക്കു പിടിച്ചുവാങ്ങി രാഘവന്‍ തലയ്ക്കടിച്ചത്. നിലവിളി കേട്ടാണു നാട്ടുകാര്‍ ഓടിക്കൂടിയത്. ചോര വാര്‍ന്നൊലിക്കുന്ന കുട്ടിയെ നാട്ടുകാര്‍ ഉടന്‍ എടപ്പാള്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പിന്നീടു പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ചു സ്‌കാനിങ് നടത്തി.ഒരു ഘട്ടത്തില്‍ ആരോടും പറയാതെ ആശുപത്രി വിട്ടിറങ്ങിയ അവരെ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് തിരിച്ചെത്തിച്ചത്. കുട്ടിക്കു മികച്ച ചികിത്സ ലഭ്യമാക്കാന്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റുകയും ചെയ്തു.
നാട്ടുകാര്‍ എടപ്പാളിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച കുട്ടിക്ക് അവിടെ ഏറെ നേരം കാത്തിരിക്കേണ്ടി വന്നതായി ആരോപണമുണ്ട്. ഡോക്ടര്‍മാര്‍ സ്‌കാനിങ് റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനിടെയാണു കുട്ടി കുടുംബത്തോടൊപ്പം ഇറങ്ങിപ്പോയത്. ആളുകളുടെ ബഹളം കേട്ടു ഭയന്നാണ് ആശുപത്രി വിട്ടതെന്ന് അവര്‍ പറയുന്നു. പരിഭ്രാന്തിയിലായ പൊലീസ് ചൈല്‍ഡ്ലൈനിന്റെ സഹായത്തോടെ തിരച്ചില്‍ തുടങ്ങി. എടപ്പാളില്‍ നിന്ന് അവരെ കണ്ടെത്തി വീണ്ടും ആശുപത്രിയിലെത്തിച്ചു.
ഇവര്‍ക്കൊപ്പം കൂടെയുണ്ടായിരുന്ന 11 വയസ്സുള്ള മറ്റൊരു കുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പു തമിഴ്‌നാട്ടില്‍നിന്നെത്തിയതാണു പെണ്‍കുട്ടിയുടെ കുടുംബം. കുഞ്ഞിന്റെ നെറ്റിയില്‍ ആഴത്തില്‍ പരിക്കേറ്റിട്ടുണ്ട്. രാഘവനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്
Post Your Comments