CricketLatest News

12 മണിക്കൂറിനിടെ ലങ്കയിലും ഇന്ത്യയിലും കളിച്ച് മലിംഗ നേടിയത് 10 വിക്കറ്റ്

മുംബൈ: പന്ത്രണ്ട് മണിക്കൂര്‍ പോലും ഇടവേളയില്ലാതെ ഇന്ത്യയിലും ശ്രീലങ്കയിലും കളിച്ച് പത്ത് വിക്കറ്റ് വീഴ്ത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിംങ്സിനെതിരെ മുംബൈ ഇന്ത്യന്‍സിനെ വിജയിപ്പിച്ചതില്‍ നിര്‍ണ്ണായക പ്രകടനം നടത്തിയശേഷം ഇന്നലെ പുലര്‍ച്ച വിമാനത്തില്‍ ലങ്കയിലെത്തിയ മലിംഗ ലിസ്റ്റ് എ കരിയറിലെ ഏറ്റവും മികച്ച പ്രകടനവും നടത്തുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സിനെതിരെ മൂന്ന് വിക്കറ്റും ലങ്കന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഗാലെക്കുവേണ്ടി ഏഴ് വിക്കറ്റുമാണ് മലിംഗ വീഴ്ത്തിയത്.

ബുധനാഴ്ച്ച രാത്രി നടന്ന മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍കിംങ്സ് മത്സരത്തില്‍ കേദാര്‍ ജാദവ്, ഷൈന്‍ വാട്സണ്‍, ഡൈ്വന്‍ ബ്രാവോ തുടങ്ങിയ തലമുതിര്‍ന്ന ബാറ്റ്സ്മാന്മാരെയാണ് മലിംഗ വീഴ്ത്തിയത്. അതിനായി നാല് ഓവറില്‍ വിട്ടുകൊടുത്തതാകട്ടെ 34 റണ്‍സും.

ഐപിഎല്‍ മത്സരം കഴിഞ്ഞ് മലിംഗ പുലര്‍ച്ചെയുള്ള വിമാനത്തില്‍ ശ്രീലങ്കയിലെ കാന്‍ഡിയിലെത്തി. വ്യാഴാഴ്ച്ച നടന്ന ശ്രീലങ്കന്‍ ആഭ്യന്തര ലിസ്റ്റ് എ ടൂര്‍ണ്ണമെന്റില്‍ കളിക്കുകയായിരുന്നു ലക്ഷ്യം. തുടര്‍ന്ന് ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തന്റെ ടീമിനെ പ്രതിനീധികരിച്ചു നേടിയത് ഏഴ്‌വിക്കറ്റ്. രണ്ട് ടൂര്‍ണമെന്റിലുമായി എട്ടുവിക്കറ്റ് നേടാനെടുത്ത സമയം 12 മണിക്കൂര്‍ !

ഏകദിനത്തില്‍ ശ്രീലങ്കയുടെ നായകനായ മലിംഗക്ക് ഏപ്രിലില്‍ ഐപിഎല്ലില്‍ കളിക്കാന്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. ലോകകപ്പിന് മുന്നോടിയായി ശ്രീലങ്കയില്‍ നടക്കുന്ന ആഭ്യന്തര ടൂര്‍ണ്ണമെന്റില്‍ കൂടി കളിക്കണമെന്ന തീരുമാനം മലിംഗയുടേതാണ്. മലിംഗയുടെ കളിയോടുള്ള ആത്മാര്‍ഥതയേയും കഠിനാധ്വാനത്തേയും പ്രശംസിച്ച് താരത്തിന്റെ ഐപിഎല്ലിലെ ടീം മുംബൈ ഇന്ത്യന്‍സ് തന്നെ രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button