ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്ടര്‍ ഇടപാട് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരുകള്‍ കണ്ടെത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡയറിയില്‍ എപി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് അഹമ്മദ് പട്ടേല്‍ എന്നതിന്റെ ചുരുക്കപ്പേര് ആണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍ പറയുന്നു. ബജറ്റ് ഷീറ്റില്‍ ചുരുക്കപ്പേരില്‍ എഴുതിയ പേരുകളെക്കുറിച്ച് മിഷേല്‍ വെളിപ്പെടുത്തിയെന്നും ഷീറ്റില്‍ ഇടപാട് നടക്കുന്നതിന് കൈക്കൂലി നല്‍കിയവരുടെ വിവരങ്ങളുണ്ടെന്നും പറയുന്നു.
എപി എന്നാല്‍ അഹമ്മദ് പട്ടേല്‍ ആണെന്നും ഫാം എന്നെഴുതിയയിരിക്കുന്നത് ഫാമിലിയുടെ ചുരുക്കെഴുത്താണെന്നും പറയുന്നുണ്ട്. കുറ്റപത്രത്തില്‍ കേസിലെ മറ്റൊരു പ്രതിയായ രാജീവ് സക്സേന യുടെ മൊഴിയിലും എപി എന്നാല്‍ അഹമ്മദ് പട്ടേല്‍ ആണെന്ന് പറയുന്നുണ്ട്. എന്നാല്‍ അഹമ്മദ് പട്ടേല്‍ എന്നത് കോണ്‍ഗ്രസ് നേതാവായ അഹമ്മദ് പട്ടേല്‍ ആണോയെന്നത് വ്യക്തതയില്ല. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമമനുസരിച്ചാണ് പുതിയ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തിരിക്കുന്നത്. രാഷ്ട്രീയക്കാര്‍ക്കും ബ്യൂറോക്രാറ്റുകള്‍ക്കും 30 ദശ ലക്ഷം യൂറോ നല്‍കിയതായി ബജറ്റ് ഷീറ്റില്‍ വ്യക്തമാക്കുന്നുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.അതേസമയം, ഇടപാടില്‍ തനിക്ക് പങ്കൊന്നുമില്ലെന്നെന്നാണ് പട്ടേല്‍ അവകാശപ്പെടുന്നത്.
വിവിഐപി ആവശ്യങ്ങള്‍ക്കായി 3600 കോടി രൂപ മുടക്കി അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്പ്ടറുകള്‍ വാങ്ങാന്‍ 2010 ലാണ് ഇന്ത്യ കരാര്‍ ഉണ്ടാക്കിയത്. ഇടപാട് ലഭിക്കാനായി അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന്റെ ഉടമസ്ഥരായ ഫിന് മെക്കാനിക്ക ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കായി 423 കോടി രൂപ കൈക്കൂലി നല്‍കിയെന്ന ആരോപണം ഉയര്‍ന്നതോടെയാണ് ഇന്ത്യയിലും ഇറ്റലിയിലും അന്വേഷണം ആരംഭിച്ചത്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ക്ക് അഴിമതിയുമായി ബന്ധമുണ്ടെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.എയര്‍ ചീഫ് മാര്‍ഷല്‍ ആയിരുന്ന എസ്. പി. ത്യാഗി, ബന്ധു സഞ്ജീവ് ത്യാഗി, അഭിഭാഷകന് ഗൗതം ഖേതാന്‍ എന്നിവരെയും ഈ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments