പത്തനംതിട്ട എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രനെതിരെ പുതിയതായി 222 കള്ള കേസുകള്‍ കൂടി ഉള്‍പ്പെടുത്തി വേട്ടയാടാനുള്ള ശ്രമം ഹീനമാണെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍. ഇതില്‍ പല കേസുകളിലും ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. സുരേന്ദ്രന്റെ പേരില്‍ ഇതോടെ 242 കേസുകള്‍ ഉണ്ട്. ജനുവരി 2, 3 തീയതികളില്‍ നടന്ന ഹര്‍ത്താലുകളിലുണ്ടായ സംഭവങ്ങളില്‍ പൊതു മുതല്‍ നശിപ്പിച്ചതിനാണ് കേസുകള്‍ എടുത്തിട്ടുള്ളത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരേ സമയം നടന്ന സംഭവങ്ങളില്‍ സുരേന്ദ്രന്‍ പ്രതിയാണെന്ന് പറയുന്നത് വിചിത്രമാണ്.
തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത കേസില്‍ പൊതുമുതല്‍ നശിപ്പിക്കുക, പോലീസുകാരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. കേസിനാസ്പദമായ സംഭവം നടന്നത് രാവിലെ 11 മണിക്കാണ്. അതെ ദിവസം രാവിലെ 11.30 നു കാസര്‍കോട് ജില്ലയിലെ കുമ്പളയില്‍ അതെ കുറ്റകൃത്യങ്ങള്‍ ചാര്‍ത്തി സുരേന്ദ്രനെതിരെ കേസെടുത്തിരുന്നു. ഇതേ ദിവസം തന്നെ രാജക്കാട്ടും, വണ്ടിപെരിയാരും സമാനമായ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതുതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 222 കേസുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 2 ദിവസം കൊണ്ട് ഒരാള്‍ക്കെങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് സാധാരണ ജനങ്ങള്‍ ചിന്തിക്കില്ല? സാധാരണ സമാന സ്വഭാവമുള്ള കേസുകള്‍ ഹര്‍ത്താലുകള്‍ ആഹ്വാനം ചെയ്യുന്നവരുടെ പേരുകളില്‍ വരാറുണ്ട്. എന്നാല്‍ സുരേന്ദ്രന്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടില്ല. കേസിനാസ്പദമായ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് ശബരിമല കര്‍മ്മ സമിതിയാണ്.
242 കള്ളക്കേസുകള്‍ ഒരു പൊതു പ്രവര്‍ത്തകനെതിരെ എടുക്കുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ്. കള്ള കേസുകളില്‍ കുടുക്കി സുരേന്ദ്രനെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം വിജയിക്കില്ല. കേസുകളെ രാഷ്ട്രീയമായി നേരിടും. സുരേന്ദ്രനെ അറസ്റ്റു ചെയ്തു ജയിലിലടച്ചു തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇടതു സര്‍ക്കാര്‍ നടത്തുന്നത്്. ഇത്രയേറെ കേസുകള്‍ ചുമത്തി നോട്ടീസയക്കാതിരുന്നത് സുരേന്ദ്രന്റെ പത്രിക തള്ളിക്കളയിക്കാനുള്ള ഗൂഢ ശ്രമമായിരുന്നു. രണ്ടു സെറ്റു പത്രികകളാണ് ഇതുവരെ സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിക്കുന്ന സമയത്തു കേസുകളെ പറ്റി അറിവുണ്ടായിരുന്നില്ല. എന്നാല്‍ പുതിയതായി രണ്ടു സെറ്റു പത്രികകള്‍ കൂടി സമര്‍പ്പിക്കും. അതില്‍ പുതിയ വിവരങ്ങള്‍ ചേര്‍ക്കും. കള്ളക്കേസുകളില്‍ കുടുക്കി കെ സുരേന്ദ്രനെ ഇല്ലാതാക്കാനുള്ള നീക്കം ബഹുജനങ്ങളെ അണിനിരത്തി നേരിടും. കോടതിയില്‍ കാര്യങ്ങള്‍ ബോധിപ്പിച്ചു നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments