വടകര: രണ്ട് ഇന്നോവ കാറുകള്‍ക്ക് വ്യാജനമ്പര്‍ പ്ലേറ്റുകള്‍. ദേശീയപാതയിലൂടെ വന്നിരുന്ന കാറുകളെ ഹൈവേ പോലീസും വടകര, പയ്യോളി പോലീസും ചേര്‍ന്ന് ലോറി കുറുകെയിട്ട് പിടികൂടി. രണ്ടുപേര്‍ അറസ്റ്റിലായി. ഒരാള്‍ താക്കോലുമായി ഓടിരക്ഷപ്പെട്ടു.
കര്‍ണാടകയില്‍നിന്ന് തൃശ്ശൂരിലേക്ക് സ്പിരിറ്റ് കടത്തുന്ന കാറുകളാണ് ഇതെന്ന് സംശയിക്കുന്നതായി വടകര ഡിവൈ.എസ്.പി പി.പി. സദാനന്ദന്‍ പറഞ്ഞു. ഓടിരക്ഷപ്പെട്ട തൃശ്ശൂര്‍ സ്വദേശി അനൂപ് ഒട്ടേറെ സ്പിരിറ്റ് കടത്തുകേസുകളില്‍ പ്രതിയാണ്. കാറിനുള്ളില്‍ സ്പിരിറ്റിന്റെ മണമുണ്ടെന്നും പോലീസ് വ്യക്തമാക്കി. ദേശീയപാതയിലൂടെ കെ.എല്‍.13 എം.ഇ. എന്നു തുടങ്ങുന്ന നമ്പറിലുള്ള കാര്‍ പോകുന്നതുകണ്ട് കൊയിലാണ്ടിയിലെ ട്രാഫിക് പോലീസുകാരനാണ് സംശയം പ്രകടിപ്പിച്ചത്. എം.ഇ. സീരിയലിലുള്ള നമ്പര്‍ ഇല്ലെന്നതിനാല്‍ വിവരം വടകര ഡിവൈ.എസ്.പിയെ അറിയിച്ചു. ഇദ്ദേഹം വിവരം കൊയിലാണ്ടി, പയ്യോളി പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. കൊയിലാണ്ടിയിലും പയ്യോളിയിലും പോലീസ് കാറിന് കൈ കാണിച്ചെങ്കിലും നിര്‍ത്തിയില്ല. ഇതിനിടെയാണ് ഒരു ഇന്നോവ കാര്‍ കൂടി ഇതിനോടൊപ്പം ചേര്‍ന്ന് ഓടുന്നത് ശ്രദ്ധയില്‍ പെട്ടത്. ഹൈവേ പോലീസ് രണ്ട് കാറുകളെയും പിന്തുടര്‍ന്നു. ഒടുവില്‍ മൂരാട് പാലത്തിനു സമീപം ലോറി കുറുകെയിട്ടാണ് കാര്‍ നിര്‍ത്തിച്ചത്. ഹൈവേ പോലീസിന്റെ വണ്ടി ഇന്നോവ കാറില്‍ ഇടിക്കുകയും ചെയ്തു. രണ്ട് കാറുകളിലുള്ള മൂന്നുപേരും ഓടാന്‍ ശ്രമിച്ചെങ്കിലും രണ്ടുപേര്‍ പിടിയിലായി. മംഗളൂരു തൊക്കോട്ട് മുന്നൂറിലെ ഭരത് രാജ് (32), മംഗളൂരൂ കൊണാജെ സമ്പത്ത് കുമാര്‍ (22) എന്നിവരാണ് പിടിയിലായത്.
കാറുകള്‍ പരിശോധിച്ചപ്പോള്‍ എട്ട് നമ്പര്‍ പ്ലേറ്റുകള്‍ കണ്ടെത്തി. മുന്നില്‍ ഒരു നമ്പര്‍, പിറകില്‍ മറ്റൊരു നമ്പര്‍ എന്ന രീതിയിലാണ് പ്ലേറ്റുകളുള്ളത്. ഒരു കാറിന്റെ യഥാര്‍ഥ നമ്പര്‍ കെ.എല്‍.60 എ 3600 ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇത് മഞ്ചേശ്വരം സ്വദേശിയുടെ പേരിലാണെന്നും കണ്ടെത്തി. എന്നാല്‍ ഇദ്ദേഹവുമായി ബന്ധപ്പെട്ടപ്പോള്‍ ഇതേ നമ്പറിലുള്ള വണ്ടി തന്റെ വീട്ടില്‍ തന്നെയുണ്ടെന്ന് മൊഴി നല്‍കി.
Post Your Comments