ArticleLatest News

നേട്ടങ്ങള്‍ നിരത്തി ജോയ്‌സ് ജോര്‍ജ്ജ്, അടവും തടവും പഠിച്ച് ഡീന്‍: ഇടുക്കി ഇടത്തോട്ടോ വലത്തോട്ടോ..?

രതി നാരായണന്‍

കസ്തൂരി രംഗന്‍ വിഷയത്തിന്റെ ബലത്തില്‍ എംപിയാകാന്‍ ഭാഗ്യം ലഭിച്ച നേതാവ് ജോയ്‌സ് ജോര്‍ജ്ജാണ് ഇക്കുറിയും ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കത്തോലിക്ക സഭയുടെ നിര്‍ദേശപ്രകാരമായിരുന്നു ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേഷ്ടാവായിരുന്ന ജോയ്‌സ് ജോര്‍ജ്ജ് തെരഞ്ഞെടുപ്പ ്കളത്തിലിറങ്ങിയത്. രണ്ടാമൂഴം തേടുമ്പോള്‍ കഴിഞ്ഞ തവണ ജോയ്‌സ് ജോര്‍ജ്ജജില്‍ നിന്ന് പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഡീന്‍ കുര്യാക്കോസാണ് ഇപ്പോഴും എതിരാളി. ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ചൂടിന് ഒരു കുറവുമില്ല. യുഡിഎഫിനൊപ്പം നിന്ന മണ്ഡലം കഴിഞ്ഞ തവണ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ വലത് വശത്തേക്ക് ചാഞ്ഞതാണ്. റിപ്പോര്‍ട്ടിനെ പിന്തുണച്ചതിന്റെ പേരില്‍ മലയോര ജനതയുടെ വികാരം സിറ്റിംങ്ങ് എംഎല്‍എ പിടി തോമസിനെതിരായപ്പോള്‍ അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിത്വം തന്നെ കോണ്‍ഗ്രസ് നിഷേധിച്ചതാണ്. പി.ടിക്ക് പകരക്കാരനായാണ് അന്ന് കോണ്‍ഗ്രസ് നേതാവായ ഡീന്‍ കുര്യാക്കോസിനെ കളത്തിലിറക്കിയത്. അന്നത്തേക്കാള്‍ രാഷ്ട്രീയരംഗത്തെ അടവും തടവും സ്വായത്തമാക്കിയാണ് ഡീന്‍ കുര്യാക്കോസ് ഈ തെരഞ്ഞെടുപ്പില്‍ വീണ്ടുമെത്തുന്നത്.

ജോയ്‌സിന് വീണ്ടും സീറ്റ് നല്‍കാന്‍ വ്യക്തമായ കാരണങ്ങളുണ്ട് എല്‍ഡിഎഫിന്. കന്നിക്കാരനായിരുന്നെങ്കിലും എംപി മോശമല്ലാത്ത പ്രകടനം കാഴ്ച്ച വച്ചെന്നാണ് ഇടത് വിലയിരുത്തല്‍. അനുയായികള്‍ അത് ഉയര്‍ത്തിപ്പിടിച്ചാണ് വോട്ട് ഉറപ്പാക്കുന്നത്. 278 ചര്‍ച്ചകള്‍, 508 ചോദ്യങ്ങള്‍, അഞ്ച് സ്വകാര്യ ബില്ലുകള്‍, 87 ശതമാനം ഹാജര്‍ നില, ഫണ്ട് വിനിയോഗം അങ്ങനെ എംപിയുടെ നേട്ടങ്ങള്‍ വലിയ ഫളക്‌സാക്കി മണ്ഡലത്തില്‍ ഉടനീളം സ്ഥാപിച്ചുകഴിഞ്ഞു. എംപി ഫണ്ടിലേക്ക് അനുവദിച്ച തുകയുടെ 95 ശതമാനവും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ജോയ്‌സ് ജോര്‍ജ്് ഉപയോഗിച്ചിട്ടുണ്ടെന്നും ഇടതുമുന്നണി അവകാശപ്പെടുന്നു. ചുരുക്കത്തില്‍ പൊതുവേ തൃപ്തികരമാണ് സിറ്റിംഗ് എംപിയുടെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ എതിര്‍സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് ഉയര്‍ത്തിക്കാണിക്കുന്ന ചില കണക്കുകള്‍ ഈ നേട്ടങ്ങളെയെല്ലാം നിഷ്പ്രഭമാക്കും. 5200 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഫ്‌ളക്‌സ് ബോര്‍ഡില്‍ മാത്രമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കസ്തൂരിരംഗന്‍ വിഷയം അപ്രസക്തമായതിനാല്‍ ഇടുക്കി രൂപത ബിഷപ്പ് പ്രത്യേകിച്ച് ആര്‍ക്കും പിന്‍തുണ നല്‍കിയിട്ടില്ല. അത് ഡീന്‍ കുര്യാക്കോസിന്റെ പ്രതീക്ഷ ഇരട്ടിയാക്കുന്നു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് ഡീന്‍ കുര്യാക്കോസ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 2009-2010 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഡീന്‍ 2010 മുതല്‍ 13 വരെ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ലോക് സഭാമണ്ഡലം പ്രസിഡന്റായി. 2013 ജൂണ്‍ മുതല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ് ഡീന്‍ . പിജ കെുര്യനും പിസി ചാക്കോയ്ക്കുമൊപ്പം നിന്ന മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരുമില്ലെന്നതും എടുത്തുപറയണം. പകരം കേരള കോണ്‍ഗ്രസിന്റെ രണ്ട് പേര്‍ നിയമസഭയിലുണ്ട്. കര്‍ഷകരും തോട്ടംതൊഴിലാളികളും ഏറെയുള്ള മണ്ഡലത്തില്‍ കാര്‍ഷികരംഗത്തെ പരാജയമാണ് യുഡിഎഫ് ഉയര്‍ത്തിക്കാണിക്കുന്നത്.


എന്തായാലും ജോയ്‌സിന്റെയും ഡീനിന്റെയും രണ്ടാം അംങ്കത്തിനാണ് ഇടുക്കി സാക്ഷ്യം വഹിക്കുന്നത്. 2014 ല്‍ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിനായിരുന്നു ഭൂരിപക്ഷം. പീരുമേട്, ഉടുമ്പന്‍ചോല, ഇടുക്കി, ദേവികുളം നിയോജകമണ്ഡലങ്ങളിലാണ് ജോയ്സിന് ഭൂരിപക്ഷം ലഭിച്ചത്. ഡീന്‍ കുര്യാക്കോസ് കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ മണ്ഡലങ്ങളിലും ലീഡ് നേടി. 2016 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴില്‍ അഞ്ചും എല്‍ഡിഎഫിന് ഒപ്പം നിന്നു. പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളാണ് എല്‍ഡിഎഫ് നേടിയത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് സമ്പൂര്‍ണ പരാജയമായിരുന്നു. ഇടുക്കി, തൊടുപുഴ മണ്ഡലങ്ങള്‍ കേരളാ കോണ്‍ഗ്രസിന് ഒപ്പം നിന്നതു മാത്രമാണ് യുഡിഎഫിന് നേട്ടമായത്. ജോയ്‌സ് ജോര്‍ജ്ജിനെ പിന്തുണച്ച ഇടുക്കി, ഉടുമ്പന്‍ചോല മണ്ഡലങ്ങള്‍ നിയമസഭാതൈരഞ്ഞെടുപ്പില്‍ ആ പിന്തുണ നല്‍കിയില്ല എന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രതീക്ഷ കൂട്ടുന്നു.

50,542 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജോയ്‌സ് ജോര്‍ജ് കഴിഞ്ഞ തവണ വിജയിച്ചത്. ശക്തമായ പ്രചാരണത്തിലൂടെ ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് യുഡിഎഫ്. ഒപ്പം ജോയ്‌സിനെതിരെയുള്ള ശക്തമായ ആയുധമാണ് കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദം. വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ കൊട്ടക്കാമ്പൂരില്‍ 28 ഏക്കര്‍ സ്ഥലം സ്വന്തമാക്കിയതായി ആരോപണം ജോയ്‌സ് ജോര്‍ജിനെതിരെ നിലനില്‍ക്കുന്നുണ്ട്. ഇത് ജോയ്‌സ് ജോര്‍ജിന് വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്ന അഭിപ്രായം ഇടതുമുന്നണിയില്‍ നിന്നുയര്‍ന്നിരുന്നു. എന്നാല്‍ പുതിയൊരാളെ ഇറക്കി ഭാഗ്യപരീക്ഷണം നടത്താന്‍ വിസമ്മതിച്ച നേതൃത്വം പാര്‍ട്ടി ചിഹ്നത്തില്‍ ജോയ്‌സ് ജോര്‍ജ്ജ് തന്നെ മത്സരിക്കട്ടെ എന്ന തീരുമാനത്തിലെത്തുകയായിരുന്നു. നല്ലൊരു പകരക്കാരനെ കണ്ടെത്താന്‍ കഴിയാത്തത് തന്നെയാണ് ജോയ്‌സിന് വീണ്ടും സാധ്യതയായത്. മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്ന അഭ്യൂഹം നിലനിന്നതും എല്‍ഡിഎഫ് ഗൗരവമായി കണ്ടിരുന്നു.

ജില്ലയില്‍ കാര്യമായ സ്വാധീനമില്ലെങ്കിലും എന്‍ഡിഎയുടെ പ്രചാരണവും സജീവമാകുകയാണ്. 2014 ലെ തിരഞ്ഞെടുപ്പില്‍ 6.2 ശതമാനം വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥി സാബു വര്‍ഗീസിന് ലഭിച്ചത്. ഇക്കുറി ബിഡിജെഎസിന്റെ ശക്തനായ നേതാവ് ബിജു കൃഷ്ണനാണ് എല്‍ഡിഎ സ്ഥാനാര്‍ത്ഥി.
എസ്എഫ്‌ഐ സംസ്ഥാനസമിതി മുന്‍ അംഗം കൂടിയായിരുന്ന ബിജു കൃഷ്ണന്‍ എന്‍ഡി എ സ്ഥാനാര്‍ത്ഥിയായെത്തുമ്പോള്‍ ഇരുമുന്നണികളും കരുതലോടെയാണ് കരുനീക്കം നടത്തുന്നത്. എന്‍ഡിഎയ്ക്ക് ഒരു സാധ്യതയുമില്ലാത്ത മണ്ഡലമാണെങ്കിലും നിമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴ ഇടുക്കി നിയോജകമണ്ഡലങ്ങളില്‍ എന്‍ഡിഎ കാഴ്ച്ച വച്ച വന്‍മുന്നേറ്റം മറക്കാനാകില്ല എല്‍ഡിഎഫ് യുഡിഎഫ് നേതൃത്വങ്ങള്‍ക്ക്. ഇക്കുറി ലോക്‌സഭാമണ്ഡലത്തിലേക്ക് പ്രബലനായ സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ ജനം ആര്‍ക്ക് വിധിയെഴുതുമെന്ന് കാത്തിരുന്നു കാണണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button