ഏറെ നാള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കും വാദ പ്രതിവാദങ്ങള്‍ക്കുമൊടുവില്‍ വയനാട്ടില്‍ രാഹുല്‍ തന്നെ എന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കൂടി മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അന്തിമ തീരുമാനമെടുത്തത് ശനിയാഴ്ച രാത്രി. തീരുമാനം നീളുന്നതിലുള്ള ആശങ്ക സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ വെള്ളിയാഴ്ച അറിയിച്ചതോടെയാണ്, ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ക്കു വേഗം കൂടിയത്.
രണ്ടാം മണ്ഡലത്തില്‍ മത്സരിക്കണമെന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത് അവഗണിക്കരുതെന്ന് പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ. ആന്റണിയും കെ.സി. വേണുഗോപാലും രാഹുലിനെ അറിയിച്ചു. വയനാട്ടില്‍ മത്സരിക്കുന്നതു താന്‍ അമേഠിയെ കൈവിടുകയാണെന്ന സന്ദേശം നല്‍കുമോ എന്ന ആശങ്ക രാഹുല്‍ പങ്കുവച്ചു. ഇന്ദിരാ ഗാന്ധിയും സോണിയ ഗാന്ധിയും മുന്‍പ് ദക്ഷിണേന്ത്യയിലെ മണ്ഡലങ്ങളില്‍ മത്സരിച്ചിട്ടുണ്ടെന്നു നേതാക്കള്‍ അദ്ദേഹത്തെ ഓര്‍മിപ്പിക്കുകയായിരുന്നു.
എന്നാല്‍ രാഹുല്‍ വയനാട്ടിലെത്തുമെന്ന് കെപിസിസി നേതൃത്വം 22ന് പറഞ്ഞിട്ടും എഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകിയതിന് യുഡിഎഫ്ചൂണ്ടിക്കാണിക്കുന്ന കാരണങ്ങളില്‍ പ്രധാനപ്പെട്ടത് അമേഠിക്കു പുറമെ മറ്റൊരു മണ്ഡലത്തില്‍ കൂടി മല്‍സരിക്കുന്നതില്‍ ആദ്യം രാഹുല്‍ ഗാന്ധിക്കുണ്ടായ വൈമനസ്യമാണ്. അതോടൊപ്പം ഔദ്യോഗിക തീരുമാനം വരുന്നതിനു മുന്‍പു തന്നെ, രാഹുല്‍ വയനാട്ടിലെത്തുമെന്ന കേരള നേതാക്കളുടെ പ്രഖ്യാപനമുണ്ടാക്കിയ ആശയക്കുഴപ്പം, ഇതിനെല്ലാം പുറമെ മറ്റു ചില കാരണങ്ങളും നേതൃത്വം ചൂണ്ടിക്കാണിക്കുന്നു.
രാഹുല്‍ വയനാട്ടിലെത്തുന്നത് കേരളത്തിലെ എല്‍ഡിഎഫ് സാധ്യതകളെ ബാധിക്കുമെന്നറിഞ്ഞ ഇടതുപക്ഷം, ദേശീയനേതാക്കള്‍ വഴി രാഹുലില്‍ ചെലുത്തിയ സമ്മര്‍ദം. ദക്ഷിണേന്ത്യയില്‍ ഏറ്റവും സുരക്ഷിതവും രാഹുലിനു പ്രചാരണരംഗത്തു കൂടുതല്‍ സമ്മര്‍ദം നല്‍കാത്തതും വലിയ വെല്ലുവിളിയുയര്‍ത്താത്തതുമായ മണ്ഡലം വയനാട് തന്നെയെന്ന് കണക്കുകൂട്ടി ഉറപ്പിക്കുന്നതിനുള്ള കാലതാമസം. 25 നാണ് രാഹുല്‍ ഗാന്ധി പാവപ്പെട്ടവര്‍ക്കു വരുമാനം ഉറപ്പു വരുത്തുന്ന ന്യായ് പദ്ധതി പ്രഖ്യാപിച്ചത്.
തൊട്ടടുത്ത ദിവസങ്ങളില്‍ വയനാട് പ്രഖ്യാപനം വന്നാല്‍, ചര്‍ച്ച വഴിമാറുമെന്നറിഞ്ഞതും തീരുമാനം വൈകിപ്പിച്ചു. വയനാട്ടിലെ സുരക്ഷാഭീഷണി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിക്കുമോയെന്നതും കണക്കിലെടുത്തു. ഇക്കാരണങ്ങളെല്ലാം രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ ഓദ്യോഗിക പ്രഖ്യാപനം വൈകുന്നതിന് കാരണമായി എന്നാണ് യുഡിഎഫ് നേതൃത്വം ചൂണ്ടികാണിക്കുന്നത്.
Post Your Comments