സൗത്ത് കാരലൈന: ഊബര്‍ ടാക്സിയെന്നു തെറ്റിദ്ധരിച്ചു കൊലയാളിയുടെ കാറില്‍ കയറിയ കോളേജ് വിദ്യാര്‍ഥിനി അതിദാരുണമായി കൊല്ലപ്പെട്ടു. 21-കാരിയായ സാമന്ത ജോസഫ്സണാണ് യുഎസിലെ സൗത്ത് കാരലൈനയില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ നതാനിയേല്‍ റൗലന്‍ഡിയെന്ന 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.യുഎസിലെ തെക്കന്‍ കാരലൈനയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. രാത്രി ഏറെ വൈകിയിട്ടും സാമന്തയെ കാണാത്തതിനാല്‍ സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.
യുവതിയുടെ മൃതദേഹം അകലെയുള്ള വിജനമായ പ്രദേശത്തു വയലില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വെളളിയാഴ്ച കൊളംബിയയിലെ ഫൈവ് പോയിന്റസ് ബാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ചതിനു ശേഷം പുലര്‍ച്ചെ രണ്ടു മണിയോടെയാണു സാമന്ത ഊബര്‍ ടാക്സി ബുക്ക് ചെയ്തത്. കൊലയാളിയുടെ കറുത്ത കാര്‍ കണ്ട സാമന്ത ഊബറെന്ന് കരുതി കൈ കാണിച്ചു. കാര്‍ സാമന്തയുടെ മുന്‍പില്‍ പെട്ടെന്നു നിര്‍ത്തുകയും സാമന്ത കാറിന്റെ ഡോര്‍ തുറന്നു ബാക്ക് സീറ്റില്‍ കയറിയിരിക്കുകയും ചെയ്തു. സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണു സമന്ത സഞ്ചരിച്ചിരുന്ന കാറിനെ പറ്റി പോലീസിനു വിവരം ലഭിച്ചത്.
14 മണിക്കൂര്‍ നീണ്ട ക്രൂര പീഡനങ്ങള്‍ക്കു ശേഷമായിരുന്നു മരണം. ബിരുദപഠനം പൂര്‍ത്തിയാക്കി നിയമപഠനത്തിനായി കാത്തിരിക്കുമ്പോഴായിരുന്നു സാമന്ത അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. തലയിലും കഴുത്തിലും മുഖത്തും കാലിലും ആഴത്തില്‍ മുറിവേറ്റിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് കൊലയാളിയുടേതെന്നു സംശയിക്കുന്ന വാഹനം പൊലീസ് കണ്ടെത്തിയത്. കാറിന്‍റെ ഡിക്കിയില്‍ രക്തം പുരണ്ടിരുന്നു. ഇതു സമന്തയുടേതാണെന്നായിരുന്നു പൊലീസ് നിഗമനം.കൊലയാളിയായ നതാനിയലിനെ പിന്‍തുടര്‍ന്ന അന്വേഷണ സംഘം ഇയാളെ വിദഗ്ധമായി കീഴ്പ്പെടുത്തുകയായിരുന്നു.
Post Your Comments