Latest NewsKeralaIndia

കോണ്‍ഗ്രസും എൻഡിഎയും പൂര്‍ണമായും തകരും; നിര്‍ണായകമാകുക പ്രാദേശിക ശക്തികള്‍: എസ് ആര്‍ പി

നില്‍ക്കക്കള്ളിയില്ലാതെ അമേഠിയില്‍ നിന്ന് ഒളിച്ചോടുകയാണ് രാഹുല്‍ ചെയ്തത്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നത് പ്രാദേശിക ശക്തികളായിരിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. കാസര്‍കോട് പ്രസ്‌ക്ലബില്‍ ‘മീഡിയ ഫോര്‍ ദി പീപ്പ്ള്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസ് 44 സീറ്റിന്റെ ചുറ്റുവട്ടത്ത് ഒതുങ്ങുമെന്നും എന്നാല്‍ അതിനര്‍ത്ഥം എന്‍ഡിഎ വിജയിക്കുമെന്നല്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ പൂര്‍ണ പരാജയമായിരിക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 44 സീറ്റിലാണ് വിജയിച്ചത്.

അതിന്റെ ചുറ്റുവട്ടത്തു മാത്രമേ ഇത്തവണയും കോണ്‍ഗ്രസ് എത്താന്‍ സാധ്യതയുള്ളൂ. ഒന്നാം യുപിഎ കാലത്തെ സാഹചര്യമല്ല ഇപ്പോഴെന്നും എസ് ആര്‍ പി ഓര്‍മിപ്പിച്ചു.ഈ തെരഞ്ഞെടുപ്പില്‍ പ്രാദേശികകക്ഷികള്‍ നിര്‍ണ്ണായക ശക്തിയാകും. തെരഞ്ഞെടുപ്പിന് ശേഷം ഉരുത്തിരിഞ്ഞു വരുന്ന രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ചായിരിക്കും ഭരണം സംബന്ധിച്ച്‌ തീരുമാനമെടുക്കുക. ഇവിടെയാണ് മൂന്നാമതൊരു കൂട്ടുകെട്ടിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതനിരപേക്ഷ കക്ഷികള്‍ക്ക് നിര്‍ണ്ണായകമായ സ്വാധീനം തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായാല്‍ കോണ്‍ഗ്രസിനെ ഭരണത്തില്‍ കൂടെ കൂട്ടണമോ, വേണ്ടയോയെന്ന് അപ്പോള്‍ നിലപാടെടുക്കുമെന്നും രാമചന്ദ്രന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ മത്സരം മതേതര ഐക്യം തകര്‍ക്കാനുള്ള നീക്കമാണ്. സിപിഎമ്മുമായി കോണ്‍ഗ്രസിന് ബന്ധമൊന്നുമില്ല. അവര്‍ക്ക് എവിടെ വേണമെങ്കിലും മത്സരിക്കാം. അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നലനില്‍ക്കുന്ന മതനിരപേക്ഷ നിലപാടിനെ തെറ്റിദ്ധരിപ്പിക്കാന്‍ രാഹുലിനും കോണ്‍ഗ്രസിനും ആവില്ല. നില്‍ക്കക്കള്ളിയില്ലാതെ അമേഠിയില്‍ നിന്ന് ഒളിച്ചോടുകയാണ് രാഹുല്‍ ചെയ്തത്. ഇടതുപക്ഷം രാജ്യത്ത് 2004നെക്കാള്‍ നില മെച്ചപ്പെടുത്തും. ഇതേവരെ 71 സീറ്റുകളില്‍ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം കൂടാതെ തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്‍, ബീഹാര്‍ ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സിപിഎമ്മിന് സ്ഥാനാര്‍ഥികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button