കെ.വി.എസ് ഹരിദാസ്
മുസ്ലിം ലീഗിനെ വേണം, മുസ്ലിം വോട്ട് വേണം എന്നാൽ പച്ചക്കൊടി കണ്ടുപോകരുത് …. ഇതാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസുകാരുടെ നിലപാട്. വയനാട് ലോകസഭാ മണ്ഡലത്തിൽ മത്സരിക്കാനെത്തുന്ന രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ ലീഗ് പ്രവർത്തകർ വരുമ്പോൾ പച്ചക്കൊടി കയ്യിൽ കരുതരുതെന്നും അങ്ങിനെ അറിയാതെ പച്ച കൊടി കൊണ്ടുവന്നാൽ അത് പുറത്തു കാണിക്കാതെ മാറി നിൽക്കണം എന്നും അഭ്യർത്ഥിക്കുന്ന വാട്സആപ്പ് മെസ്സേജ് ഇന്ന് പുറത്തുവന്നിട്ടുണ്ട്. യുഡിഎഫ് വയനാട് മണ്ഡലം കമ്മിറ്റിയുടെ വാട്സആപ്പ് ഗ്രുപ്പിൽ വന്ന മെസ്സേജ് ആണിത്. ” ലീഗിന്റെ സുഹൃത്തുക്കൾ ഞങ്ങൾക്ക് പ്രിയപ്പെട്ടവരാണ്. അടുത്ത ദിവസം രാഹുൽ വയനാട്ടിൽ വരികയാണ്. പച്ചക്കൊടി ഞങ്ങൾക്ക് അഭിമാനമാണ്; സംശയമില്ല. പക്ഷെ ഉത്തരേന്ത്യയിൽ ആ കോടി മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെടും എന്നറിയാമല്ലോ. അതുകൊണ്ട് അന്നേദിവസം ലീഗ് അനുയായികൾ കൊടി പിടിക്കാതെ വരികയോ, അല്ലെങ്കിൽ മാറി നിൽക്കുകയോ ചെയ്യണം എന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുകയാണ്…..”. ഇതാണ് സന്ദേശം.
അമേത്തി എന്ന ഹിന്ദു ഭൂരിപക്ഷ മണ്ഡലത്തിൽ നിന്ന് ഒളിച്ചോടുകയാണ് രാഹുൽ ഗാന്ധി ചെയ്തത്. ആ മണ്ഡലം രൂപം കൊണ്ടത് മുതൽ ഇതുവരെ കോൺഗ്രസ് അവിടെ മത്സരിച്ചിട്ടുണ്ട്…. മൂന്നേ മൂന്ന് തവണ ഒഴിച്ച് മറ്റെല്ലാം അവർ വിജയിക്കുകയും ചെയ്തു. അതൊരു നെഹ്റു പരിവാര മണ്ഡലമാണ് എന്നതാണല്ലോ കോൺഗ്രസ് അവകാശപ്പെടാറുള്ളത്. എന്നാൽ ഇത്തവണ കാര്യങ്ങൾ വിഷമകരം. 2014- ൽ അവിടെയെത്തിയ ബിജെപി നേതാവ് സ്മൃതി ഇറാനി പിന്നെ അവിടം വിട്ട് പോയിട്ടില്ല. ആ മണ്ഡലത്തിന്റെ എല്ലാ മുക്കിലും മൂലയിലും അവരെത്തി; വികസനപദ്ധതികൾ നടപ്പിലാക്കി. വികസനം എന്തെന്ന് അറിയാത്ത അമേത്തിക്കാർക്ക് അതൊരു അനുഭവമായിരുന്നു. അതുകൊണ്ടുകൂടിയാവണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ കോൺഗ്രസിനെ തോൽപ്പിച്ചു; ആകെയുള്ള അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ നാളിലും ബിജെപി വിജയിച്ചു; ഒരിടത്ത് സമാജ്വാദി പാർട്ടിയും. കോൺഗ്രസ് മൂന്നാമതും നാലാമതുമൊക്കെയായി. ഇത്തവണ അവിടെ കരകയറുക എളുപ്പമല്ല എന്ന് രാഹുലിന് നന്നായി അറിയാം. യുപിയിൽ സമാജ്വാദി – ബിഎസ്പി സഖ്യത്തിൽ കോൺഗ്രസിനെ ഉൾപ്പെടുത്തിയില്ല; എന്നാലും അമേത്തിയിലും സോണിയ മത്സരിക്കുന്ന റായ് ബറേലിയിലും ആ സഖ്യം സ്ഥാനാർഥിയെ നിർത്തുന്നില്ല. അതുകൊണ്ട് മായാവതി കോൺഗ്രസിന് വോട്ട് ചെയ്യും എന്ന് കരുതിക്കൂടാ…… അതാണ് അവരുടെ നിലപാടുകൾ. അങ്ങിനെയാണ് സുരക്ഷിത മണ്ഡലം തേടി നടന്നതും അവസാനം വയനാട്ടിൽ എത്തിയതും.
എന്താണ് വയനാടിന്റെ പ്രത്യേകത; കേരളത്തിൽ ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണിത്. അതായത് കൃസ്ത്യാനികളും മുസ്ലിങ്ങളും ചേർന്നാൽ ഭൂരിപക്ഷമായി. മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങൾ അതിൽ പെടുമല്ലോ. യഥാർഥത്തിൽ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളെ അവഗണിച്ചുകൊണ്ട് രാഹുൽ ഗാന്ധി എത്തിച്ചേർന്നത് മുസ്ലിം ലീഗ് വിചാരിച്ചാൽ വിജയിപ്പിക്കാൻ കഴിയുന്ന മണ്ഡലത്തിലാണ് എന്നർത്ഥം. മുസ്ലിം ലീഗിൽ വിശ്വാസമർപ്പിക്കുകയാണ് കോൺഗ്രസ് എന്നതാണ് വസ്തുത. മുൻപ് ചത്ത കുതിര എന്ന് പണ്ഡിറ്റ് നെഹ്റു ലീഗിനെ വിശേഷിപ്പിച്ചത് ഓർമ്മിക്കുക; അതെ ലീഗിനെ പുറത്തുകയറി രക്ഷപ്പെടാനാണ് ആ കുടുംബത്തിലെ യുവ നേതാവ് എത്തുന്നത്. രാഷ്ട്രീയ ഗതികേടാണിത് എന്നതിൽ തർക്കമില്ല. അങ്ങിനെയും ഒരു ദേശീയ പാർട്ടിക്ക് അനുഭവമുണ്ടാവുന്നു.
കോൺഗ്രസിന് അവിടെ വോട്ടില്ല എന്നൊന്നും പറയുന്നില്ല. എന്നാൽ അവിടെ നിർണ്ണായക സ്വാധീനം ലീഗിന് തന്നെയാണ്. അതുകൊണ്ട് രാഹുൽ നേരെ ചെല്ലേണ്ടത് പാണക്കാട്ടേക്കാണ് … തങ്ങൾക്ക് മുന്നിൽ മുട്ടുകുത്തി സഹായം തേടണം. അതാണ് നടക്കേണ്ടത് എന്ന് ലീഗ് കരുതുമ്പോൾ ആണ് ‘പച്ചക്കൊടി പുറത്ത് കാണിക്കരുത്’ എന്ന നിർദ്ദേശവുമായി കോൺഗ്രസ് വരുന്നത്. ലീഗിന് ഈ സംവിധാനത്തിൽ എന്ത് സ്വാതന്ത്ര്യമാണുള്ളത്, എന്ത് സ്ഥാനമാണുള്ളത് എന്നതല്ലേ ഇത് കാണിക്കുന്നത്. പച്ചക്കൊടി- ക്ക് നടുവിൽ രാഹുൽ ഗാന്ധിക്ക് നിൽക്കേണ്ടിവന്നാൽ അത് വടക്കേ ഇന്ത്യയിൽ പ്രശ്നമാവും എന്ന്. ഇവിടെ യുഡിഎഫ് എന്താണ് ചെയ്യാറുള്ളത്….. കോൺഗ്രസിന്റെ കൊടിയേക്കാൾ വലിയ പച്ചക്കൊടി കെട്ടിയാണ് പ്രചാരണം നടത്താറുള്ളത്. ഇപ്പോൾ അത് തടയുമെന്നാണോ സൂചന.മലപ്പുറത്തും മറ്റും രാഹുൽ [പ്രചാരണത്തിന് വരുമ്പോൾ വേദിയിലും വാഹനത്തിലും പരിപാടി നടക്കുന്നിടത്തും ‘പച്ച’ക്ക് വിലക്ക് ഏർപ്പെടുത്തുമോ?.കാത്തിരുന്നു കാണേണ്ട കാര്യമാണിത്. ഈ മെസ്സേജ് ഒരു സംശയവുമില്ല, മുസ്ലിം ലീഗിനെ അപമാനിക്കുന്നതിന് തുല്യമാണ്. എന്തെങ്കിലും അഭിമാനമുണ്ടെങ്കിൽ ലീഗ് നേതാക്കൾ ഇതിൽ ഇടപെടും എന്നുവേണം കരുതാൻ.
എന്നാൽ ഒന്ന് തീർച്ചയാണ്. ഇത് ഇവിടെ അവസാനിക്കാൻ പോകുന്നില്ല. കോൺഗ്രസിന്റെ ഈ കള്ളത്തരം വടക്കേ ഇന്ത്യയിൽ വ്യാപകമായി പ്രചരിക്കപ്പെടും. മുസ്ലിം ലീഗിന്റെ ആശ്രിതനായി രാഹുൽ മാറിയെന്നത് അവിടെ ചർച്ചചെയ്യപ്പെടുകയും ചെയ്യും. തിരഞ്ഞെടുപ്പ് വേളകളിൽ ഭസ്മക്കുറിയും കാവി വസ്ത്രവും രുദ്രാക്ഷമാലയുമായി അമ്പലങ്ങൾ കയറിയിറങ്ങുന്ന രാഹുൽ തുറന്നുകാട്ടപ്പെടുകയും ചെയ്യും. ഇനിയുള്ള നാളുകൾ കോൺഗ്രസിനും രാഹുലിനും നിർണ്ണായകമാകും.
Post Your Comments