കോഴിക്കോട്: വടകര ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹത്തിനെതിരെയുള്ളത് പത്ത് കേസുകള്‍. ഇതില്‍ രണ്ടെണ്ണം കൊലപാതകക്കേസുകളാണ്. കതിരൂര്‍ മനോജ് വധവും ഷൂക്കൂര്‍ വധക്കേസുമാണ് ജയരാജനെതിരെയുള്ള കൊലപാതക കേസുകള്‍. അതേസമയം ഒരു കേസില്‍ ശിക്ഷ ലഭിച്ചിട്ടുമുണ്ട്.
അന്യായമായി സംഘം ചേര്‍ന്ന് പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് ജയരാജന് ശിക്ഷിക്കപ്പെട്ടത്. കൂത്തുപറമ്ബ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടര വര്‍ഷം തടവിനും പിഴ അടക്കാനും ശിക്ഷിച്ചത്. ഇതിനെതിരെ നല്കിയ അപ്പീലില്‍ തീരുമാനമാവുന്നതുവരെ വിധി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
അതേസമയം കതിരൂര്‍ മനോജ് വധക്കേസ്, പ്രമോദ് വധശ്രമക്കേസ് എന്നിവയില്‍ ഗൂഢാലോചന നടത്തിയതിനും അരിയില്‍ ഷുക്കൂറിനെ കൊല്ലാനുള്ള പദ്ധതി മറച്ചുവെച്ചുവെന്നും ജയരാജനെതിരെയുള്ള ശക്തമായ കേസുകളാണ്. അന്യായമായി സംഘം ചേരുക, ഗതാഗതം തടസ്സപ്പെടുത്തുക തുടങ്ങിയവയ്ക്കെതിരാണ് മറ്റുള്ള കേസുകള്‍.
അതേസമയം സത്യവാങ്മൂലത്തില്‍ നല്‍കി സ്വത്തു വിവരങ്ങള്‍ ഇങ്ങനെ:
സ്വന്തം കൈവശമുള്ളത് കൈവശം 2,000 രൂപ, ഭാര്യയുടെ പേരിലുള്ളത് 5,000 രൂപയുമാണ്. ബാങ്ക് നിക്ഷേപവും ഓഹരിയുമടക്കം ജയരാജന് സ്വന്തമായുള്ളത് 8,22,022 രൂപ, ഭാര്യയുടെ നിക്ഷേപം 31,75,418 രൂപ, അതേസമയം ജയരാജന്‍റേയും ഭാര്യയുടേയും സംയുക്ത ഉടമസ്ഥതയില്‍ 37 ലക്ഷം രൂപയുടെ സ്വത്തുക്കളുണ്ട്. ഇവ കൂടാതെ 16 ലക്ഷത്തിന്‍റെ വേറെ സ്വത്തുക്കളും ഭാര്യയുടെ പേരിലുണ്ട്. . ജയരാജന്‍റെ പേരില്‍ വായ്പയൊന്നുമില്ല. ഭാര്യയുടെ പേരില്‍ 6,20,213 രൂപയുടെ ബാധ്യതയുണ്ട്. ജയരാജന്‍റെ പേരില്‍ 3.25 ലക്ഷം മതിപ്പുവിലയുള്ള ടാറ്റ മാജിക്കും ഭാര്യയുടെ പേരില്‍ 3.5 ലക്ഷത്തിന്‍റെ മാരുതി സ്വിഫ്റ്റുമുണ്ട്.
Post Your Comments