തിരുവനന്തപുരം : യുവജനങ്ങൾ ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന കടമകളെക്കുറിച്ച് ബോധ്യമുള്ളവരായിരിക്കണമെന്നും പൊതുമുതൽ നശിപ്പിക്കാൻ ആർക്കും അധികാരമില്ലെന്നും ഗവർണർ പി. സദാശിവം പറഞ്ഞു. പേരൂർക്കട സ്പെഷൽ ആംഡ് പോലീസ് ബറ്റാലിയൻ ക്യാമ്പസിൽ ഒമ്പതാമത് എസ്.പി.സി ചെയ്ഞ്ച് ലീഡേഴ്സ് മീറ്റിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗവർണർ.
ബാല്യാവസ്ഥയിൽ നിന്നു മാറി ഉത്തരവാദിത്തമുള്ള പൗരൻമാരായി എസ്.പി.സി യിലൂടെ കുട്ടികൾ മാറുകയാണ്. എസ്.പി.സി യിലൂടെ സാമൂഹ്യബോധവും കരിയറും വികസിക്കുകയാണ്. ട്രാഫിക് ബോധവത്ക്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ എസ്.പി.സികൾ സമൂഹത്തിന് മാതൃകയായിരിക്കുകയാണ്.
പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ സ്മരണാർത്ഥം പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ ഗവർണർ ദീപം തെളിയിച്ചു. തുടർന്ന് കേഡറ്റുകളും ചടങ്ങിൽ പങ്കെടുത്തവരും ദീപം തെളിയിച്ചു..സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഡിജിപി എസ്. അനന്തകൃഷ്ണൻ, ദക്ഷിണമേഖലാ എഡിജിപി മനോജ് എബ്രഹാം, ഡി.ഐ.ജി ബി. പ്രകാശ്, സിറ്റി പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗുരുദിൻ എന്നിവർ പങ്കെടുത്തു.
ഏപ്രിൽ ഏഴ് വരെ നടക്കുന്ന ക്യാമ്പിൽ ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അറുന്നൂറോളം സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് പങ്കെടുക്കുന്നത്. പ്രഭാഷണങ്ങൾ, മോഡൽ അസംബ്ലി, സാഹിത്യ സായാഹ്നം, ക്വിസ്, ഫീൽഡ് വിസിറ്റ്, സാംസ്കാരിക പരിപാടികൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി നടക്കും.
Post Your Comments