കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന ഒന്നേകാല്‍ കോടിയുടെ സ്വര്‍ണവേട്ട മെറ്റല്‍ ഡിറ്റക്ടറും കണ്ടെത്തിയില്ല. സ്വര്‍ണ്ണം ഇന്നലെയാണ് ഡിആര്‍ഐ പിടിച്ചെടുത്തത്. മിശ്രിത രൂപത്തിലായിരുന്നു സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. രണ്ടുപേരുടെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
ഖത്തറിലെ ദോഹയില്‍ നിന്നുമാണ് ഫറൂഖ് സ്വദേശി കെ സലാഹുദ്ദീന്‍ സ്വര്‍ണവുമായി എത്തിയത്. ഒമാനിലെ മസ്ക്കറ്റില്‍ നിന്നു കൊടുവള്ളി സ്വദേശി എന്‍ സലീമും സ്വര്‍ണമെത്തിച്ചു. മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയിലും സ്വര്‍ണ്ണം കണ്ടെത്താന്‍ സാധിച്ചില്ല. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങിയ യുവാക്കളെ ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
സലാഹുദ്ദീനില്‍ നിന്നും ലഭിച്ച മിശ്രിതം വേര്‍തിരിച്ചപ്പോള്‍ 1960.5 ഗ്രാം സ്വര്‍ണ്ണം ലഭിച്ചു. 63,32,415 രൂപ വില വരുമിതിന്. സലീം കടത്തിയ മിശ്രിതം വേര്‍തിരിച്ചപ്പോള്‍ 68,399,525 രൂപ വില വരുന്ന 2117.5 ഗ്രാം സ്വര്‍ണ്ണവും ലഭിച്ചു. ഇരുവരില്‍ നിന്നുമായി 4078 ഗ്രാം സ്വര്‍ണ്ണമാണ് ഡിആര്‍ഐ പിടികൂടിയത്. ഇന്ത്യന്‍ വിപണിയില്‍ 1,31,71,940 രൂപ വില വരുമിതിന്.
Post Your Comments