രതി നാരായണന്‍
കേരളത്തിലെ ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി പത്തനംതിട്ട മാറുകയാണ്. വേനല്‍ച്ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടില്‍ മൂന്ന് കരുത്തര്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ദേശീയശ്രദ്ധയിലെത്തി മണ്ഡലം. എല്‍ഡിഎഫും യുഡിഎഫും പ്രചാരണം വളരെ നേരത്തെ ആരംഭിച്ചിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന ആശങ്കയ്‌ക്കൊടുവില്‍ ബിജെപിയിലെ ഏറ്റവും ജനപ്രിയ നേതാക്കളിലൊരാളായ കെ സുരേന്ദ്രന്‍ തന്നെ കളത്തിലിറങ്ങിയതോടെ രാഷ്ട്രീയമില്ലാത്തവരും പത്തനംതിട്ടയില്‍ രാഷ്ട്രീയം പറയാന്‍ തുടങ്ങിയിരിക്കുകയാണ്.
രണ്ട് തവണ സമ്മാനിച്ച വിജയത്തിന്റെ വിശ്വാസത്തിലാണ് സിറ്റിംഗ് എംപി ആന്റോ ആന്റണി. ശബരിമല വിഷയത്തില്‍ സിപിഎം വിരുദ്ധ വികാരം ഏറ്റവുമധികം പ്രതിഫലിക്കുന്ന ജില്ല എന്ന നിലയില്‍ യുഡിഎഫ് വിജയസാധ്യത ഊട്ടി ഉറപ്പിക്കുന്നുണ്ട്. എന്നാല്‍ നിയമസഭാതൈരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തിന്റെ പശ്ചാത്തലത്തില്‍ വ്യക്തിപ്രഭാവം കൊണ്ട് വീണ ജോര്‍ജ്ജ് മണ്ഡലമാകെ നിറഞ്ഞുനില്‍ക്കുന്നുമുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തന്നെയാണ് പത്തനംതിട്ടയില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാനഘടകം. ഒപ്പം പ്രളയവും സര്‍ക്കാര്‍ സന്നദ്ധ സംഘടനകളുടെ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസവുമെല്ലാം മണ്ഡലത്തില്‍ ചര്‍ച്ചയാകും. വിജയചരിത്രങ്ങളുണ്ടെങ്കിലും കെ സുരനേദ്രന്റെയും വീണ ജോര്‍ജ്ജിന്റെയും മുന്നില്‍ തിളക്കം നഷ്ടപ്പെട്ടുപോയോ ആന്റോ ആന്റണിയ്‌ക്കെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമാകുന്ന പത്തനംതിട്ടയില്‍ സഭയ്ക്ക് പുറത്തുള്ള ആളെന്ന നിലയിലാണ് കെ സുരേന്ദ്രന്‍ പൊരുതുന്നത്.
രണ്ടായിരത്തി ഒമ്പതില്‍ പത്തനംതിട്ട ലോക്‌സഭാമണ്ഡലത്തില്‍ യുഡിഎഫ് മേല്‍ക്കോയ്മ വ്യക്തമായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കെ അനന്തഗോപനെ 1,11 206 വോട്ടിന് തോല്‍പ്പിച്ച് ആന്റോ ആന്‍രണിയുടെ ആദ്യവിജയം. പിന്നീട് 2014ല്‍ മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന പീലിപ്പോസ് തോമസായിരുന്നു ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ഭൂരിപക്ഷം കുറഞ്ഞ് 56, 191 ല്‍ എത്തിയെങ്കിലും മണ്ഡലത്തിന്റെ പ്രതിനിധിയായി വീണ്ടും ആന്റോ ആന്റണി തന്നെ ലാക്‌സഭയിലെത്തി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മേല്‍ക്കോയ്മയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട് മണ്ഡലം. മാധ്യമപ്രവര്‍ത്തകയും സഭയുടെ അരുമയുമായ വീണ ജോര്‍ജ്ജിനെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാക്കി സിപിഎം വിജയം പിടിച്ചെടുത്തു. പക്ഷേ ഇരുമുന്നണികളും ഏറെ ഗൗരവത്തോടെ കാണേണ്ട വിഷയം ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും മണ്ഡലത്തില്‍ വര്‍ദ്ധിച്ചുവരുന്ന എന്‍ഡിഎ വോട്ടുവിഹിതമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ സാഹചര്യമല്ല പത്തനംതിട്ടയില്‍ ഇപ്പോള്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയോട് വിയോജിപ്പുള്ളവര്‍ ബിജെപിയെ പിന്തുണയ്ക്കുമോ എന്നതാണ് പ്രധാനചോദ്യം. ഒട്ടും തള്ളിക്കളയാനാകാത്ത സാധ്യതയാണത്. പോരാത്തതിന് കെ സുരനേദ്രേന്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ പരമ്പരാഗതമായി സിപിഎമ്മിന് വോട്ടുനല്‍കിയവരില്‍ പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാരില്‍ അഞ്ച് ശതമാനത്തിന് മേല്‍ ഇക്കുറി താമരയോട് കനിവ് കാട്ടുമെന്ന് കരുതേണ്ടിയിരിക്കുന്നു. കമ്മ്യൂണിസം എന്നത് വിശ്വാസങ്ങളേയും ആചാരങ്ങളേയും തള്ളിപ്പറയാനുള്ളതല്ലെന്ന പ്രതിഷേധമാണ് ഈ വോട്ട് മാറ്റികുത്തുന്നതിന് പിന്നിലെ ചേതോവികാരം. അതേസമയം കടുത്ത കമ്മ്യൂണിസ്റ്റപ്രവര്‍ത്തകരൊന്നും ശബരിമലയുടെ പേരില്‍ ചിഹ്നം മാറി കുത്തില്ലെന്ന് സിപിഎമ്മിനറിയാം. അപ്പോള്‍ സ്വാഭാവികമായും വോട്ട് ബാങ്കില്‍ വിള്ളല്‍ വരുന്നത് യുഡിഎഫിന് തന്നെയാകും. ഇങ്ങനെ പോകുന്ന വോട്ടുകള്‍ കെ സുരേന്ദ്രനെ തുണയ്ക്കാന്‍ പര്യാപ്തമായാല്‍ ഇക്കുറി പത്തനംതിട്ടയില്‍ താമര വിരിയും. പകരം ആന്റോ ആന്റണിയുടെ വോട്ട് കുറയുകയും കെ സുരേന്ദ്രന് ബഹുദൂരം മുന്നോട്ട് പാകാനും സാധിക്കാത്ത നിലയാണെങ്കില്‍ വീണ ജോര്‍ജ്ജ് ലോക്‌സഭയിലെത്തും.
ആന്റോ ആന്റണിയുടെ സാധ്യത മൂന്നാമത് മാത്രമായി വോട്ടര്‍മാര്‍ തന്നെ വിലയിരുത്തിത്തുടങ്ങുന്നത് കൊണ്ടുതന്നെ പോരാട്ടം കെ സുരേന്ദ്രനും വീണ ജോര്‍ജ്ജും തമ്മിലാണ്. മാത്രമല്ല ആന്റോ ആന്റണി യുഡിഎഫിന്റെ സര്‍വ്വസമ്മതനായ സ്ഥാനാര്‍ത്ഥിയായല്ല ഇക്കുറി രംഗത്തെത്തുന്നത് എന്നതും ഓര്‍ക്കുക. ശബരിമല വിഷയത്തിലെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ പോരായ്മകളും സര്‍ക്കാരിനെതിരെ യുഡിഎഫും എന്‍ഡിഎയും ഉയര്‍ത്തുമ്പോള്‍ എടുത്തുപറയാനുള്ള വികസനപ്രവര്‍ത്തനങ്ങളൊന്നും സര്‍ക്കാരിന് മുന്നിലില്ല. എല്‍ഡിഎഫിന്റെ ശക്തമായ മുന്നണി സംവിധാനവും വീണ ജോര്‍ജ്ജിന്റെ ആകര്‍ഷകമായ വ്യക്തിത്വവും വിജയം നല്‍കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയ നേതാക്കന്‍മാരെ മാറ്റിനിര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തനപാരമ്പര്യമില്ലാത്ത ഒരാളെ എംഎല്‍എ ആയിരുന്നിട്ടും വീണ്ടും കളത്തിലിറക്കുന്ന സിപിഎമ്മിന്റെ നടപടിയില്‍ പാര്‍ട്ടി അനുയായികള്‍ക്ക് പ്രതിഷേധമില്ലാതില്ല.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ കെ സുരേന്ദ്രന്‍ മത്സരിക്കണമെന്ന് പത്തനംതിട്ടയിലെ ബിജെപി അല്ലാത്തവര്‍ പോലും ആഗ്രഹിച്ചിരുന്നു. വൈകിയാണെങ്കിലും കെ സുരേന്ദ്രന്‍ ജനവിധി തേടിയെത്തുമ്പോള്‍ ഇളകി മറിയുകയാണ് ഈ മണ്ഡലം. മണ്ഡലത്തെ ഇളക്കിമറിച്ചാണ് പ്രചാരണം. സാന്നിധ്യം കൊണ്ട് മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നില്‍ മേല്‍ക്കോയ്മ നേടിക്കഴിഞ്ഞു കെ സുരേന്ദ്രന്‍. ഇതൊക്കെ കാണുന്ന വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമാണ് ഇക്കുറി, ആരാകും വിജയിയെന്ന് പ്രവചനാതീതമാണ് ഇവിടെ.
Post Your Comments