മസ്‌കറ്റ് : രണ്ടാഴ്ച നീണ്ടുനിന്ന ഇന്ത്യ – ഒമാന്‍ സംയുക്ത സൈനിക പരിശീലനത്തിന് സമാപനം. സൈനിക പരിശീലനത്തിന് ജബല്‍ അഖ്ദറിലാണ് സമാപനമായത്. ‘അല്‍ നാഗാ’ എന്ന പേരില്‍ നടന്ന രണ്ടാഴ്ചത്തെ പരിശീലനത്തിന്റൈ സമാപന ചടങ്ങില്‍ ഇരു രാഷ്ട്രങ്ങളിലെയും സൈനിക പ്രമുഖര്‍ പങ്കെടുത്തു.
സംയുക്ത സൈനിക പരിശീലനത്തില്‍ ഇന്ത്യന്‍ ആര്‍മിയുടെയും റോയല്‍ ആര്‍മി ഓഫ് ഒമാന്റെയും വിവിധ വിഭാഗങ്ങളാണ് സംബന്ധിച്ചത്. ഇരു രാജ്യങ്ങളിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. പര്‍വത മേഖലകള്‍ കേന്ദ്രീകരിച്ചുള്ള ഭീകരവാദ വിരുദ്ധ പോരാട്ടങ്ങളിലെ അനുഭവ സമ്പത്ത് വര്‍ധിപ്പിക്കുകയും പരസ്പര പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണ് പരിശീലനം നടത്തിയത്.
ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ തുടര്‍ന്നുവരുന്ന സംയുക്ത പരിശീലനത്തിന്റെ മൂന്നാം ഘട്ടമാണ് ഇത്തവണ ഒമാനില്‍ നടന്നത്. 2015ല്‍ മസ്‌കത്തിലായിരുന്നു ആദ്യ സംയുക്ത പരിശീലനം. ഇന്ത്യക്കും ഒമാനുമിടയിലെ സൈനിക സഹകരണം ശക്തിപ്പെടുത്തുക, അനുഭവങ്ങളും കഴിവുകളും കൈമാറുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സംയുക്ത പരിശീലനത്തിന് പിന്നില്‍.
Post Your Comments