സോള്‍: ഉത്തരകൊറിയക്ക് തിരിച്ചടി കൊടുക്കുവാനൊരുങ്ങി അമേരിക്ക. കൊറിയന്‍ അതിര്‍ത്തിയില്‍ ഇതുവരെ ഒരുക്കിയതില്‍ ഏറ്റവും വലിയ പടയൊരുക്കം നടത്തുകയാണ് അമേരിക്ക. യുദ്ധവിമാനങ്ങളും അത്യാധുനിക ആയുധങ്ങളും ഒരുക്കി വച്ച ശേഷം പതിനായിരത്തിലധികം സൈനികരെയും നിരത്തിയിരിക്കുന്നു. ഇനിയുള്ള അഞ്ചുദിവസം കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ ആശങ്ക വിതച്ച് യുദ്ധവിമാനങ്ങള്‍ താഴ്ന്നുപറക്കും.
എന്താണ് ഇപ്പോള്‍ ഇത്രയും ശക്തമായ പടയൊരുക്കത്തിന് അമേരിക്ക തയ്യാറെടുക്കാന്‍ കാരണം. ദിവസങ്ങള്‍ക്ക് മുമ്പാണ് ഉത്തര കൊറിയന്‍ സൈന്യം ദീര്‍ഘദൂര അത്യാധുനിക മിസൈല്‍ പരീക്ഷിച്ചത്. ശക്തിയേറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ അമേരിക്കയും ദക്ഷിണ കൊറിയയും ശക്തി പ്രകടിപ്പിക്കുകയാണിവിടെ. അമേരിക്ക പ്രകോപനം അവസാനിപ്പിക്കണമെന്ന് ഉത്തര കൊറിയ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിര്‍ത്തിയില്‍ സൈന്യം
അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി സൈനികാഭ്യാസം നടത്തുകയാണ്. അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കുന്നത് പ്രകോപന നീക്കമാണെന്ന ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിരിക്കെയാണിത്. എന്നാല്‍ ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണമാണ് പ്രകോപനം സൃഷ്ടിക്കുന്നതെന്ന് അമേരിക്ക ആരോപിക്കുന്നു.
അഞ്ചുദിവസമാണ് സൈനിക അഭ്യാസം നടക്കുക. ഇതുവരെ മേഖലയില്‍ വിന്യസിച്ചിരിക്കുന്നതില്‍ ഏറ്റവും ശക്തിയേറിയ സൈന്യത്തെയാണ് അമേരിക്കയും ദക്ഷിണ കൊറിയയും അണിനിരത്തിയിരിക്കുന്നത്. ആണവയുദ്ധത്തിന് യാചിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചെയ്യുന്നതെന്ന് ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കി.
22 റാപ്റ്റര്‍ യുദ്ധവിമാനങ്ങള്‍
പതിനായിരം സൈനികരെയാണ് ദക്ഷിണ കൊറിയയും അമേരിക്കയും അഭ്യാസ പ്രകടനത്തില്‍ പങ്കെടുപ്പിക്കുന്നത്. 230 യുദ്ധവിമാനങ്ങള്‍ മേഖലയില്‍ താഴ്ന്നു പറക്കും. എഫ് 22 റാപ്റ്റര്‍ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള വിമാനങ്ങളാണ് അമേരിക്കന്‍ സൈന്യം ഒരുക്കി നിര്‍ത്തിയിരിക്കുന്നത്.
യുദ്ധത്തിന് ഒരുങ്ങുമെന്ന സൂചന
അമേരിക്കയുടെ ഏത് ഭാഗവും ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലാണ് കഴിഞ്ഞദിവസം ഉത്തര കൊറിയ പരീക്ഷിച്ചത്. ഇതില്‍ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചരുന്നു. അമേരിക്ക ഉത്തര കൊറിയയുമായി യുദ്ധത്തിന് ഒരുങ്ങുമെന്ന സൂചന റിപബ്ലിക്കന്‍ നേതാവും യുഎസ് സെനറ്ററുമായ ലിന്റ്‌സെ ഗ്രഹാം മുന്നറിയിപ്പ് നല്‍കിയത് അതിന് തൊട്ടുപിന്നാലെയായിരുന്നു. അമേരിക്കന്‍ വിദേശ നയരൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന വ്യക്തിയാണ് ഗ്രഹാം.
ഒറ്റപ്പെടുത്തണമെന്ന് അമേരിക്ക
ഉത്തര കൊറിയയയുമായുള്ള ബന്ധം എല്ലാ രാജ്യങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തര കൊറിയയുടെ കൈവശം ആണവായുധം ഉണ്ടെന്നാണ് അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും ആരോപണം. ഉത്തര കൊറിയയുമായുള്ള യുദ്ധ സാധ്യത വര്‍ധിച്ചിരിക്കുകയാണെന്ന് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്ആര്‍ മക്മാസ്റ്റര്‍ പറഞ്ഞു.
ഉത്തര കൊറിയയുടെ നീക്കം
ബുധനാഴ്ചയാണ് ഉത്തര കൊറിയ ആണവായുധം വഹിക്കാന്‍ ശേഷിയുള്ള വാസോങ് 15 മിസൈല്‍ പരീക്ഷിച്ചത്. അമേരിക്കയുടെ തന്ത്ര പ്രധാന സ്ഥലങ്ങള്‍ ആക്രമിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. കൊറിയന്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന വിദഗ്ധരും ഇക്കാര്യം ശരിവച്ചിട്ടുണ്ട്.
സോള്‍ പൊട്ടിത്തെറിക്കും
അതേസമയം, അമേരിക്ക സൈനികമായി ഉത്തര കൊറിയയെ നേരിടാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ ഏത് സമയവും ആക്രമണം നടത്താന്‍ ഉത്തര കൊറിയക്ക് സാധിക്കുമെന്നതാണ് അമേരിക്കയെ പിന്നോട്ടടിക്കുന്നത്. ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരമേ സോളിലേക്കുള്ളൂ. മാത്രമല്ല, സൈനിക ആക്രമണം ആരംഭിച്ചാല്‍ അതിര്‍ത്തി മുതല്‍ തലസ്ഥാനം വരെയുള്ള മേഖലയില്‍ ഒരു കോടിയോളം ആളുകളെ ബാധിക്കുമെന്നതും അമേരിക്കക്ക് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്.
കൊട്ടാരം ആക്രമിക്കും, പിന്നെ താവളം
അമേരിക്കയുടെ ആക്രമണമുണ്ടായാല്‍ ആദ്യം തിരിച്ചടിക്കുക ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ കൊട്ടാരമായ ബ്ലൂ ബില്‍ഡിങ് തകര്‍ത്തുകൊണ്ടായിരിക്കുമെന്ന് ഉത്തര കൊറിയന്‍ സൈനിക ഉദ്യോഗസ്ഥന്‍ ചോ റോങ് ഹി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ടാം ആക്രമണം അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര കൊറിയന്‍ സൈന്യത്തിലെ രണ്ടാമനായി വിലയിരുത്തുന്ന വ്യക്തിയാണ് ചോ.
ആണവായുധം പ്രയോഗിക്കും
സൈനിക ആക്രമണമുണ്ടായാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് ചോ കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ഉത്തര കൊറിയ മധ്യ ദൂര ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. സിന്‍പോ തുറമുഖത്ത് നിന്നും ജപ്പാന്‍ കടലിലേക്കാണ് മിസൈല്‍ തൊടുത്തുവിട്ടത്. അമേരിക്കന്‍ സൈന്യത്തെ പിന്തുണയ്ക്കുമെന്ന് ജാപ്പനീസ് സൈന്യവും അറിയിച്ചിട്ടുണ്ട്.
സൈനിക ആക്രമണം നടത്തിയാല്‍
മേഖലയില്‍ സൈനിക ആക്രമണം നടത്തിയാല്‍ അമേരിക്കക്കും ദക്ഷിണ കൊറിയക്കും വന്‍ തിരിച്ചടിയാകും ഫലം. അമേരിക്കയെ പിന്തുണയ്ക്കുന്നവരാണ് ജപ്പാന്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ രാജ്യങ്ങള്‍. ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദം ചെലുത്തുകയാണ് അമേരിക്ക ചെയ്യുന്നത്. അതിന് വേണ്ടി ചൈനയോട് ഇടപെടാനും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തര കൊറിയയുമായി ബന്ധം പുലര്‍ത്തുന്ന രാജ്യം ചൈനയാണ്. എന്ത് നടപടിക്കും തയ്യാറാണ് എന്നതരത്തിലാണ് ഉത്തര കൊറിയയുടെ പ്രതികരണം.
Post Your Comments