ന്യൂഡൽഹി: ജെറ്റ് എയര്‍വേയ്‌സിനെ കരകയറ്റാന്‍ തന്റെ പണമുപയോഗിക്കാന്‍ ബാങ്കുകളോട് വിജയ് മല്യയുടെ നിര്‍ദേശം. ജെറ്റ് എയര്‍വേസിനെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1500 കോടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മല്യ വിമർശനവുമായി രംഗത്ത് എത്തിയത്. കിങ്ഫിഷറിന് വേണ്ടി താന്‍ നിക്ഷേപിച്ച പണത്തെ കുറിച്ച് ആരും ഒന്നും പറയുന്നില്ലെന്നും കാരണമില്ലാതെയാണ് തന്നെ വിമര്‍ശിക്കുന്നതെന്നും ട്വീറ്റുകളിലൂടെ മല്യ വ്യക്തമാക്കുന്നു. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് എന്ന കമ്പനിയെയും അതിന്റെ ജീവനക്കാരെയും സംരക്ഷിക്കാന്‍ ഞാന്‍ 4000 കോടി രൂപയാണ് നിക്ഷേപിച്ചത്. ഇതാരും അംഗീകരിക്കുന്നില്ല, പക്ഷെ സാധ്യമായ രീതിയിലെല്ലാം വിമര്‍ശിക്കുന്നുണ്ട്. ഇതേ പൊതുമേഖലാ ബാങ്കുകളാണ് ഇന്ത്യയിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ കമ്പനിയെയും ജീവനക്കാരെയും തകര്‍ത്തത്. എന്‍ഡിഎ സര്‍ക്കാരിന്റെ ഇരട്ടനീതിയാണിതെന്നുമാണ് മല്യയുടെ വിമർശനം.
അന്ന് സഹായഹസ്തം നീട്ടാത്ത സ്ഥാപനങ്ങള്‍ ഇന്ന് ജെറ്റ് എയര്‍വേയ്‌സിനായി പ്രവര്‍ത്തിക്കുന്നത് കാണുമ്പോള്‍ ആഹ്‌ളാദം തോന്നുന്നു. കര്‍ണ്ണാടക ഹൈക്കോടതിയില്‍ പൊതുമേഖലാ ബാങ്കുകളിലെ കടങ്ങള്‍ അവസാനിപ്പിക്കാനും മറ്റ് കടക്കാര്‍ക്ക് നല്‍കാനുമായി ഞാന്‍ കെട്ടിവച്ച പണമുണ്ട്. എന്തുകൊണ്ടാണ് ഈ പണം ബാങ്കുകള്‍ എടുക്കാത്തത്? ആ പണം എടുത്ത് ജെറ്റ് എയര്‍വേസിനെ രക്ഷിക്കണമെന്നും മല്യ പറയുകയുണ്ടായി.
Post Your Comments