പത്തനംതിട്ട: ശബരിമല സമരനായകനെന്ന പരിവേഷത്തോടെ താടി വളര്‍ത്തി കറുത്ത ഷര്‍ട്ടണിഞ്ഞ് എത്തിയ കെ സുരേന്ദ്രനെ ശരണം വിളികളുമായി എതിരേറ്റ് അണികള്‍. ഏറെ വിവാദങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവിലാണ് സുരേന്ദ്രന് പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. ശബരിമല തന്നെയാണ് തങ്ങളുടെ പ്രധാന പ്രചാരണ ആയുധമെന്ന് ബി.ജെ.പി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും സുരേന്ദ്രന്റെ വേഷവിധാനം അണികളില്‍ കൂടുതല്‍ ആവേശം പകരുന്നുണ്ട്.
തിരുവല്ല സ്റ്റേഷനില്‍ ട്രെയിനില്‍ വന്നിറങ്ങിയപ്പോഴും കറുപ്പ് ഷര്‍ട്ടും വെള്ള മുണ്ടുമായിരുന്നു സുരേന്ദ്രൻ ധരിച്ചിരുന്നത്. കഴിഞ്ഞദിവസം കോന്നിയിലും അടൂരിലും പന്തളത്തും റോഡ് ഷോയില്‍ പങ്കെടുത്തപ്പോഴും കറുപ്പ് ഷര്‍ട്ടാണ് അദ്ദേഹം ധരിച്ചത്. ഇവിടങ്ങളിലെല്ലാം ശരണംവിളികളോടെയാണ് അണികൾ അദ്ദേഹത്തെ സ്വീകരിച്ചത്. ഈ വീരപരിവേഷത്തോടെ തന്നെ സുരേന്ദ്രനെ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കാമെന്നാണ് പാർട്ടിയുടെയും ലക്ഷ്യം.
Post Your Comments