തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് ഇ മെയില്‍ മുഖേന നല്‍കിയ സ്വയം വിരമിക്കല്‍ കത്ത് സര്‍ക്കാര്‍ പരിഗണിച്ചില്ല. ഇ മെയില്‍ കത്തു പരിഗണിക്കാന്‍ കഴിയില്ലെന്നും കടലാസില്‍ കൈയൊപ്പോടെയുള്ള കത്തു നല്‍കണമെന്നും ജേക്കബ് തോമസിനെ ചീഫ് സെക്രട്ടറി അറിയിച്ചു. ഇ മെയില്‍ വഴിയും സ്പീഡ് പോസ്റ്റിലും ഇത് അറിയിച്ച ശേഷം ദൂതന്‍ വശവും മറുപടി കൊടുത്തയച്ചു. സര്‍ക്കാരിന്റെ ഭാഗത്തു ബോധപൂര്‍വം കാലതാമസം ഉണ്ടായില്ലെന്നു വ്യക്തമാക്കാനാണിത്.ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ ജേക്കബ് തോമസ് ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ഥിയാകുമെന്നു വാര്‍ത്തകളുണ്ടായിരുന്നു.
2017 ഡിസംബര്‍ മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു അദ്ദേഹം. എന്നാല്‍ സസ്‌പെന്‍ഷനിലായതിനാലാണ് നടപടികള്‍ എളുപ്പമാകാത്തത് എന്ന് അധികൃതര്‍ പറഞ്ഞു. സ്വയം വിരമിക്കലിനു 3 മാസത്തെ മുന്‍കൂര്‍ നോട്ടിസ് നല്‍കണം. സാധാരണഗതിയില്‍ ആ കാലപരിധിയില്‍ സംസ്ഥാന സര്‍ക്കാരിന് ഇളവു നല്‍കാം. എന്നാല്‍ സസ്‌പെന്‍ഷനിലായതിനാല്‍ അതിനു കഴിയില്ല. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന് 2020 ഏപ്രില്‍ വരെ സര്‍വീസ് കാലാവധിയുണ്ട്.കേരള കേഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്.
തിരുവനന്തപുരം ഗാന്ധി സ്മാരക നിധിയില്‍ 2017 ഡിസംബറില്‍ നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാരിന്റെ ഓഖി രക്ഷാവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു ജേക്കബ് തോമസിന് ആദ്യ സസ്‌പെന്‍ഷന്‍ ലഭിച്ചത്. ആറു മാസം കഴിഞ്ഞപ്പോള്‍ പുസ്തകത്തിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് രണ്ടാമത്തെ സസ്‌പെന്‍ഷന്‍ ലഭിച്ചു. തുറമുഖ ഡയറക്ടറായിരിക്കേ ഡ്രജര്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്റെ പേരിലാണു മൂന്നാം തവണ നടപടി വന്നത്.സസ്‌പെന്‍ഷനെതിരെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിച്ചത്. എന്നാല്‍ പിന്നീട് ചില തീരുമാനങ്ങളുമായി ബന്ധപ്പെട്ട് ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടാകുകയയിരുന്നു.
Post Your Comments