ചെന്നൈ: ചിത്തിര ഉത്സവവും പെസവ വ്യാഴവും പ്രമാണിച്ച് തിരഞ്ഞെടുപ്പ് തിയതികള്‍ മാറ്റണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി. മതപരമായ ആചാരങ്ങളില്‍ പങ്കെടുക്കുന്ന അതേ താത്പര്യത്തോടെ ജനങ്ങള്‍ വോട്ട് ചെയ്യാനെത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ജനാധിപത്യത്തില്‍ വോട്ടെടുപ്പിന് ഏറെ പ്രാധാന്യമുണ്ടെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് കോടതി ചൂണ്ടിക്കാണിച്ചു.
തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായ ഏപ്രില്‍ 18നാണ് ചിത്തിര ഉത്സവവും പെസഹ വ്യാഴവും. പള്ളികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ പോളിംഗ് കേന്ദ്രങ്ങളുണ്ടെങ്കിലും വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്കോ മറ്റ് മതപരമായ ചടങ്ങുകള്‍ നിര്‍വഹിക്കുന്നതിനോ തടസമുണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് നല്‍കി.ചിത്തിര ഉത്സവം പ്രമാണിച്ച് മധുരയിലേയും പെസഹ വ്യാഴം പ്രമാണിച്ച് തമിഴ്‌നാട്ടിലെ മൊത്തവും തിരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
അതെ സമയം മധുര മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് രാത്രി എട്ട് മണി വരെ വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് സാധാരണ വോട്ടിംഗ് സമയം.വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് കമ്മീഷന്‍ വോട്ടിംഗ് സമയത്തില്‍ രണ്ടുമണിക്കൂർ ഇളവ് പ്രഖ്യാപിച്ചത്.
Post Your Comments