തിരുവനന്തപുരം: കഴിഞ്ഞദിവസം കോവളത്തും കൊച്ചുവേളി തുമ്പ വിഎസ്എസ്സിക്ക് സമീപവും കണ്ട അജ്ഞാത ഡ്രോണുകളെപ്പറ്റി അന്വേഷണം ആരംഭിച്ചു. പോലീസും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവുമാണ് സംഭവത്തെപ്പറ്റി അന്വേഷിക്കുന്നത്.
ഇന്നലെ രാത്രി പട്രോളിംഗ് നടത്തിയ പൊലീസുകാരാണ് കോവളത്ത് രാത്രി ഒരു മണിയോടെ മുകളിലൂടെ ഡ്രോണ്‍ പറക്കുന്നത് കണ്ടത്. കോവളം സമുദ്രാ ബീച്ചിന് സമീപം രാത്രി 12.55 നാണ് പട്രോളിങ്ങ് പോലീസ് സംഘം ഡ്രോണ്‍ ക്യാമറ പറക്കുന്നത് ആദ്യം കണ്ടത്. ബീച്ചില്‍ നിന്ന് തീരം കേന്ദ്രീകരിച്ച് ഡ്രോണ്‍ വടക്കുഭാഗത്തേക്ക് നീങ്ങിയതോടെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് എയര്‍ പോര്‍ട്ടിലേക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
രണ്ടുമണിക്കൂറിന് ശേഷം പുലര്‍ച്ചെ 2.55 ഓടെ തുമ്പയിലെ വിഎസ്എസ്സിയുടെ മെയിന്‍ സ്റ്റേഷന് മുകള്‍ ഭാഗത്തായും ഡ്രോണ്‍ പറക്കുന്നത് സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ജീവനക്കാര്‍ കണ്ടെത്തുകയായിരുന്നു. വിവാഹാവശ്യങ്ങള്‍ക്ക് ചിത്രങ്ങള്‍ പകര്‍ത്താനുപയോഗിക്കുന്ന സാധാരണ ഡ്രോണുകളേക്കാള്‍ വലിയ ഡ്രോണാണ് കണ്ടതെന്നതാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്.പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ തീരപ്രദേശ മേഖലകളില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു.
വിമാനത്താവളത്തിന്റെ റഡാര്‍ സംവിധാനമുള്‍പ്പെടെയുള്ള അത്യാധുനിക സുരക്ഷാ സംവിധാനത്തിലൊന്നും ഡ്രോണ്‍ പതിഞ്ഞിട്ടില്ല.
റോഡുകളിലെ ക്യാമറകള്‍ക്കൊപ്പം സൈബര്‍ പോലീസ് സഹായത്തോടെ ചില മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഡ്രോണുകളെപ്പറ്റിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്‍ പറഞ്ഞു.
Post Your Comments