ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും കേന്ദ്ര ഭരണത്തിനെതിരേയും കടന്നാക്രമിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വര്‍ഷങ്ങളായി നിലനിന്ന കുടുംബ ഭരണം രാജ്യത്തെ തച്ചുടച്ചതായും ഇതിനെതിരെയാണ് ജനങ്ങള്‍ എന്‍ഡി എ സര്‍ക്കാരിന് വോട്ട് ചെയ്തെന്നും സത്യത്തെ വിജയിപ്പിച്ചെതെന്നും മോദി പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടെന്ന രീതിയിലാണ് പ്രിയങ്കയുടെ പ്രതികരണം. രാജ്യത്തെ രണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ തകര്‍ത്തു, രാജ്യത്ത് മാദ്ധ്യമ സ്വാതന്ത്ര്യം പോലും അപകടത്തിലാണെന്നും പ്രിയങ്ക പറഞ്ഞു.
രാജ്യത്തെ ഓരോ ഭരണഘടനാ സ്ഥാപനങ്ങളെയും മോദി ആക്രമിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. കഴിഞ്ഞ 5 വര്‍ഷം രാജ്യത്തെ മാധ്യമങ്ങളെ വരെ മോദി ആക്രമിച്ചു. ജനങ്ങള്‍ വിഡ്ഢികളാണെന്ന് മോദി കരുതരുത്. ഇപ്പോള്‍ നടക്കുന്നതെല്ലാം അവര്‍ കാണുന്നുണ്ട്. അധികാരത്തിന്റെ ഗര്‍വ് ബാധിച്ചവര്‍ക്ക് തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളെ നിശബ്‌ദരാക്കാമെന്ന് മിഥ്യാധാരണയുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നും തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ ഭയപ്പെടുത്താമെന്നും അവര്‍ കരുതുന്നു. എന്തൊക്കെ ചെയ്‌താലും തന്നെ പേടിപ്പിക്കാന്‍ കഴിയില്ല. എത്ര തന്നെ ദ്രോഹിച്ചാലും തങ്ങള്‍ പോരാടുക തന്നെ ചെയ്യുമെന്നും പ്രിയങ്ക വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണ യാത്രയായ ഗംഗാ യാത്രയിലാണ് അവര്‍ ഇപ്രകാരം പ്രതികരിച്ചത്. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടാണ് പ്രിയങ്കാ ഗാന്ധിയുടെ ത്രിദിന ഗംഗാ യാത്ര സംഘടിപ്പിച്ചത്. പ്രയാഗ്‌രാജില്‍ നിന്നാരംഭിച്ച യാത്ര ഇന്ന് വാരണാസിയില്‍ അവസാനിക്കും. ധനികര്‍ക്ക് മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാവല്‍ക്കാരനാകുന്നതെന്നും കര്‍ഷകര്‍ക്ക് കാവലില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു പ്രിയങ്ക ഗാന്ധി തന്റെ യാത്ര ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ മേം ഭീ ചൗക്കിദാര്‍ ( ഞാനും കാവല്‍ക്കാരന്‍ ) എന്ന ക്യാമ്പയ്നെയും പ്രിയങ്ക വിമര്‍ശിച്ചു.
Post Your Comments