കോട്ടയം: കെവിന്‍ കൊലപാതകക്കേസ് പരിഗണിക്കുന്ന കോടതി മാറുന്നു. കോട്ടയം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് മറ്റ് ഏത് കോടതിയില്‍ വെച്ചാണ് കേസ് വാദിക്കേണ്ടത് എന്ന് തീരുമാനിക്കുക. കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 26 ലേക്ക് മാറ്റി. നിലവില്‍ കേസ് പരിഗണിച്ചിരുന്ന സെഷന്‍സ് കോടതി ജഡ്ജിയെ വിജിലന്‍സ് ജഡ്ജിയായി മാറ്റി.
പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കുറ്റപത്രം കഴിഞ്ഞ ദിവസം കോടതി അംഗീകരിച്ചിരുന്നു. ഒന്നാം പ്രതി സാനു, അഞ്ചാം പ്രതി ചാക്കോ, രണ്ടാം പ്രതി നിയാസ് എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷകളും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കൊലപാതകം ഉള്‍പ്പടെ പത്ത് വകുപ്പുകള്‍ ചുമത്തി. ദുരഭിമാനക്കൊലയെന്നാണ് കുറ്റപത്രത്തിലെ ആരോപണം.
കെവിന്റേത് മുങ്ങിമരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു നരഹത്യ നില നില്‍ക്കില്ലെന്ന് മുഖ്യ പ്രതികള്‍ വാദിച്ചത്. എന്നാല്‍ കെവിനെ ഓടിച്ച് പുഴയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വിശദീകരിച്ചു. അതിനാല്‍ കൊലപാതക കുറ്റം ചുമത്തി വിശദമായ വാദം വേണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. കൊലപാതകത്തിന് പുറമേ ഭവനഭേദനം ഭീഷണിപ്പെടുത്തല്‍ തട്ടിക്കൊണ്ട് പോകല്‍ തുടങ്ങി 10 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Post Your Comments