കുവൈത്തില്‍ ശനിയാഴ്ച നടന്ന പാര്‍ലിമെന്റ് ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സംഖ്യമായ ഇസ്ലാമിസ്റ്റിന് പരാജയം. വാശിയേറിയ മത്സരത്തിനൊടുവില്‍ രണ്ടാം മണ്ഡലത്തില്‍ നിന്ന് ബദര്‍ അല്‍ മുല്ലയും മൂന്നാം മണ്ഡലത്തില്‍ അബ്ദുല്ല അല്‍ കന്‍ദരിയും വിജയികളായി.പ്രതിപക്ഷ നിരയിലെ പ്രമുഖനായിരുന്ന ജംആന്‍ ഹര്‍ബഷിന്റെയും ഡോ. വലീദ് അല്‍ തബ്തബാഇയുടെയും ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഇരുവരും തുടര്‍ച്ചയായി സഭാനടപടികളില്‍ നിന്ന് വിട്ടുനിന്നതിനെ തുടര്‍ന്നു അയോഗ്യരാക്കപ്പെട്ടതിനാലാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഉപതെരഞ്ഞെടുപ്പ് വിജയികളെ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അസ്സബാഹ് എന്നിവര്‍ അഭിനന്ദിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിയായ ജനങ്ങളെയും ഏകോപനം നടത്തിയ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും അമീര്‍ അഭിനന്ദിച്ചു.പ്രതിപക്ഷത്തെ ഏറ്റവും ശക്തരായ രണ്ട് നേതാക്കളുടെ ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇസ്ലാമിക് കോണ്‍സ്റ്റിറ്റിയൂഷനല്‍ മൂവ്‌മെന്റും സലഫിസ്റ്റുകളും സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടും വിജയിക്കാനായില്ല. 42 ശതമാനമായിരുന്നു പോളിങ്.
Post Your Comments