തിരുവനന്തപുരം: ആലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ പിഎസ്സി ചെയര്‍മാനുമായ കെ എസ് രാധാകൃഷ്ണനായിരിയ്ക്കും ആലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ത്ഥി. കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ കൂടിയായിരുന്നു കെ എസ് രാധാകൃഷ്ണന്‍. കോണ്‍ഗ്രസ് നോമിനിയായാണ് അദ്ദേഹം പി എസ് സി ചെയര്‍മാനായത്. 16 പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.
ഇതുസംബന്ധിച്ച് ബിജെപി കേന്ദ്രനേതൃത്വത്തിന് റിപോര്‍ട്ട് സമര്‍പ്പിച്ചു. സജീവരാഷ്ട്രീയക്കാര്‍ക്ക് പുറമേ വിദ്യാഭ്യാസ സാമൂഹിക മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ഉള്‍പ്പെടുത്തിയാകണം സ്ഥാനാര്‍ത്ഥി പട്ടികയെന്ന കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് കെ എസ് രാധാകൃഷ്ണനെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ശുപാര്‍ശ ചെയ്തത്. സംസ്ഥാന നേതാക്കള്‍ നല്‍കിയ പട്ടികയില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും ദേശീയനേതാക്കള്‍ അദ്ദേഹത്തെ ശുപാര്‍ശ ചെയ്യുകയായിരുന്നു.
സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് സംസാരിച്ച പ്രധാനനേതാക്കളോട് അദ്ദേഹം സമ്മതം മൂളിയതായാണ് സൂചന. കോണ്‍ഗ്രസ് ബന്ധമുണ്ടായിരുന്ന കൂടുതല്‍ പേര്‍ക്ക് കേരളത്തിലും ബിജെപി സ്വീകാര്യമാകുന്നുവെന്ന ധ്വനിയുണ്ടാക്കാന്‍ ഈ സ്ഥാനാര്‍ത്ഥിത്വത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഡല്‍ഹിയില്‍ പുരോഗമിക്കുന്ന അവസാനഘട്ട ചര്‍ച്ചകള്‍ വിജയം കണ്ടില്ലെങ്കില്‍ ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാകും.
ശബരിമല വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ വേദികളില്‍ ശക്തമായ നിലപാടെടുത്തയാളാണ് കെ എസ് രാധാകൃഷ്ണന്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കനും കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു.
Post Your Comments