കൊല്ലം: തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ തിരക്കിനിടെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അലക്‌സിനെ തേടി ആ ദുരന്തവാര്‍ത്ത എത്തിയത്. അലക്‌സ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉറുകുന്ന് ആറാം വാര്‍ഡില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാണ്. കുട്ടികള്‍ അലക്‌സിന്റെ ഉറുകുന്നിലുള്ള കടയില്‍ പോയി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. തിരഞ്ഞെടുപ്പ് പ്രചാരണ സ്ഥലത്തുവച്ച് അപകടവാര്‍ത്ത അറിഞ്ഞ ശാലിനിയുടെയും ശ്രുതിയുടെയും പിതാവ് അലക്സിന് മക്കള്‍ നഷ്ടപ്പെട്ടെന്ന വിവരം വിശ്വസിക്കാനായിട്ടില്ല.
ശ്രുതിയുടെ മരണം മാത്രമേ രാത്രി വൈകിയും അലക്സിനെ അറിയിച്ചിട്ടുള്ളൂ.ഇതോടെ തകർന്നു പോയ അലക്സിനെ ആശ്വസിപ്പിക്കാൻ പോലും സുഹൃത്തുക്കൾക്കായില്ല. ഉറുകുന്ന് നേതാജി ഓലിക്കല്‍ പുത്തന്‍വീട്ടില്‍ അലക്‌സ് (സന്തോഷ്) സിന്ധു ദമ്പതികളുടെ മക്കളായ ശാലിനി (14), ശ്രുതി (11), ടിസന്‍ ഭവനില്‍ കുഞ്ഞുമോന്‍ സുജ ദമ്പതികളുടെ മകള്‍ കെസിയ (17) എന്നിവരാണു മരിച്ചത്.ഉറുകുന്ന് സൊസൈറ്റി കവലയ്ക്കു സമീപം അലക്‌സ് നടത്തുന്ന ചായക്കടയിലേക്കു പോയ ശാലിനിക്കും ശ്രുതിക്കും ഒപ്പം കൂട്ടുകാരി കെസിയയും ചേരുകയായിരുന്നു.
ശാലിനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. അപകടം അറിഞ്ഞയുടനെ വീട്ടിലെത്തിയ സുഹൃത്തുക്കളും നാട്ടുകാരും അലക്സിനെ ആശ്വസിപ്പിക്കുവാന്‍ പാടുപെടുകയാണ്. മാതാവ് സിന്ധു ബോധരഹിതയായതിനെ തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
കെസിയയുടെ പിതാവ് കുഞ്ഞുമോനെയും മകളുടെ മരണം തീര്‍ത്തും തളര്‍ത്തി. കുറവന്‍താവളത്ത് ലോഡിങ് ജോലിക്കിടെയാണ് കുഞ്ഞുമോന്‍ അപകട വിവരം അറിയുന്നത്. മോള്‍ക്ക് അപകടം നടന്നെന്നു മാത്രമാണ് അറിഞ്ഞത്. വീട്ടിലെത്തിയപ്പോഴാണ് മരണമറിയുന്നത്. കുഞ്ഞുമോന്റെ ഭാര്യ സുജ വിദേശത്തുനിന്ന് നാട്ടിലേക്കെത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
റോഡരികിലൂടെ നടന്നു പോകവേ മൂവരെയും തമിഴ്‌നാട്ടിലേക്കു പോയ വാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്നു വാന്‍ താഴ്ചയിലേക്കു മറിഞ്ഞു. ഓടിക്കൂടിയ പരിസരവാസികള്‍ മൂവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്രുതിയും കെസിയയും മരിച്ചു. പുനലൂര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം ശാലിനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേരളത്തില്‍ പച്ചക്കറി ഇറക്കി മടങ്ങുകയായിരുന്നു വാന്‍.
അമിതവേഗത്തിലെത്തിയ പിക്-അപ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവേ മൂവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നാണ് സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ പറയുന്നത്.ശാലിനി ഇടമണ്‍ വിഎച്ച്‌എസ്‌എസ് ഒന്‍പതാം ക്ലാസിലെയും ശ്രുതി ഒറ്റക്കല്‍ വെല്‍ഫെയര്‍ യുപിഎസ് ആറാം ക്ലാസിലെയും വിദ്യാര്‍ത്ഥികളാണ്. ഒറ്റക്കല്‍ ഗവ. എച്ച്‌എസ്‌എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് കെസിയ. ടിസനാണ് കെസിയയുടെ സഹോദരന്‍.
വാന്‍ ഡ്രൈവര്‍ കന്യാകുമാരി ആളൂര്‍ കുലലാര്‍ തെരുവില്‍ വെങ്കിടേശ് സംഭവസ്ഥലത്തു നിന്ന് ഓടി തെന്മല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.മൂന്ന് പെണ്‍കുട്ടികളുടെ ദാരുണ മരണത്തില്‍ വിറങ്ങലിച്ചിരിക്കയാണ് ഉറുകുന്ന് ഗ്രാമം.ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുൾപ്പെടെ നിരവധി നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു പോസ്റ്റുകൾ ഇട്ടിട്ടുണ്ട്.
Post Your Comments