കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭാതെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയായേക്കുമന്ന് സൂചന. കോണ്‍ഗ്രസിന്റെ സ്ഥിരം സീറ്റും രാഹുലിന്റെ മണ്ഡലവുമായ അമേത്തിക്ക് പുറമേ കര്‍ണാടകയില്‍ നിന്നും രാഹുല്‍ ജനവിധി തേടിയേക്കും.
കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് രാഹുല്‍ ഇവിടെ മത്സരിക്കുന്നകാര്യം പരിഗണനയിലുള്ളത്. അമേത്തിയിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. അതേസമയം സൗത്ത് ഇന്ത്യയിലും രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഉണ്ടാകണമെന്നാണ് ഒരു വലിയ വിഭാഗം പാര്‍ട്ടി അനുയായികളുടെ ആവശ്യം.
രാഹുലിന്റെ മാതാവും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയും മുമ്പ് കര്‍ണാടകയില്‍ നിന്ന് മത്സരിച്ചിട്ടുണ്ട്. 1999 ല്‍ അമേതിയിലും ബെല്ലേരിയിലും മത്സരിച്ച സോണിയ രണ്ട് മണ്ഡലങ്ങളിലും വിജയിച്ചിരുന്നു. ബിജെപിയുടെ പ്രമുഖ നേതാവും നിലവിലെ കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജായിരുന്നു ബെല്ലേരിയില്‍ സോണിയയുടെ എതിരാളി.
രണ്ടായിരത്തി പതിനാലിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരസ്ഥാനാര്‍ത്ഥിയായിരുന്ന നരേന്ദ്രമോദി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടിയിരുന്നു. വാരണാസിയിലും വഡോദരയിലും മത്സരിച്ച മോദി രണ്ട് മണ്ഡലങ്ങളിലും വിജയം നേടുകയും ചെയ്തിരുന്നു.
Post Your Comments