കൊച്ചി: നവപ്രതിഭകളുടെ കഴിവുകള്‍ മാറ്റുരയ്ക്കാന്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് നടത്തുന്ന ഷോര്‍ട്ട് ഫിലിം എന്‍ട്രികള്‍ അയക്കുവാന്‍ ഒരു ദിവസം മാത്രം. ഷോര്‍ട് ഫിലിമുകള്‍ ഫെഫ്കയുടെ എറണാംകുളം ഓഫീസില്‍ ലഭിക്കേണ്ട അവസാന ദിവസം മാര്‍ച്ച് 15 ആണ്. ചലച്ചിത്ര മേഖലയിലെ നവ പ്രതിഭകള്‍ക്ക് പ്രോത്സാഹനം നല്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് രണ്ടാം എഡിഷനുമായി മലയാള സിനിമാ സംവിധായകരുടെ സംഘടനയായ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്, ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ ഒരു ഫെസ്റ്റിവല്‍ നടത്തുന്നത്.
കഴിഞ്ഞ വര്‍ഷം തിരുവന്തപുരം ഏരീസ് ഫ്ലെക്സില്‍ നടന്ന ഫെസ്റ്റിവല്‍ വന്‍ വിജയമായിരുന്നു. ഇതിലൂടെ നിരവധി പ്രതിഭകള്‍ ചെറു സിനിമകളില്‍ നിന്നും സിനിമയുടെ വലിയ ലോകത്തേക്ക് കടന്നു വന്നു.
ഫെഫ്ക ഷോര്‍ട് ഫിലിം ഫെസ്റ്റ് രണ്ടാം എഡിഷനില്‍ മലയാളത്തിലെയും ഇതര ഭാഷകളിലെയും സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറികളായെത്തും.അഖിലേന്ത്യാ തലത്തില്‍ സംഘടിപ്പിക്കുന്ന ഹ്രസ്വചിത്ര മേളയില്‍ വിജയികളാകുന്നവര്‍ക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ രണ്ടാം സമ്മാനമായി 50,000 രൂപയും മൂന്നാം സമ്മാനമായി 25,000 രൂപ വീതവുമാണ് നല്‍കുന്നത്. ഇതിനൊപ്പം പ്രശസ്തിപത്രവും ശില്പവുമുണ്ടാകും.
മുപ്പത് മിനിറ്റില്‍ കവിയാത്ത ഹ്രസ്വചിത്രങ്ങളാണ് മേളയില്‍ പരിഗണിക്കുന്നത്. മേളയില്‍ പങ്കെടുക്കുന്നതിന് പ്രായപരിമിതികളും കല്‍പ്പിച്ചിട്ടില്ല. ഒരാള്‍ക്ക് ഒന്നിലധികം എന്‍ട്രികള്‍ അയയ്ക്കാവുന്നതാണ്. മാര്‍ച്ച് പതിനഞ്ചിനുള്ളില്‍ ചിത്രങ്ങള്‍ സമര്‍പ്പിച്ചിരിക്കണം. മുന്‍വര്‍ഷങ്ങളില്‍ പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ക്കും മുമ്പ് അവാര്‍ഡുകള്‍ നേടിയിട്ടുള്ളതും അവാര്‍ഡിനായി പരിഗണിക്കപ്പെട്ടിട്ടുള്ളതും യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുള്ളതുമായ ഹ്രസ്വചിത്രങ്ങളും മത്സരിക്കാനായി പരിഗണിക്കുന്നതാണ്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെഫ്ക ഷോര്‍ട് ഫിലിം ഫെസ്റ്റില്‍ സമര്‍പ്പിച്ച ചിത്രങ്ങള്‍ പരിഗണിക്കില്ല.മികച്ച ക്യാമ്പസ്, പ്രവാസി ചിത്രങ്ങള്‍ക്ക് പ്രത്യേക പുരസ്കാരങ്ങളും നല്കാന് ധാരണയായിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ് ഒഴിച്ച് മറ്റ് ഭാഷകളിലുള്ള ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ്ടൈറ്റില്‍ നിര്‍ബന്ധമാണെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് വ്യക്തമാക്കിയിട്ടുണ്ട്.
മികച്ച സംവിധായകന്, രചയിതാവ്, നടന്, നടി, ഛായാഗ്രഹകന്, ചിത്രസംയോജകന്‍, സംഗീത സംവിധായകന്, എന്നിവര്‍ക്കും പ്രത്യേകം അവാര്‍ഡുകള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.fefkadirectors.com, fefkadirectors@gmail.com, 04842408156, 09544342226, 8921270033 എന്നി നമ്പറുകളിലും ബന്ധപ്പെടാം.
Post Your Comments