കോതമംഗലം: ദക്ഷിണേന്ത്യയിലെ ആദ്യ ആര്‍ച്ച് പാലത്തിന് 83 വയസ്സ്. ഏറണാകുളം ഇടുക്കി ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് പെരിയാറിന് കുറുകെ നിര്‍മ്മിച്ച നേര്യമംഗലം പാലമാണ് 83 വയസ്സിലേക്ക് കടക്കുന്നത്. ആലുവ മൂന്നാര്‍ റോഡിലെ പ്രധാനപ്പെട്ട നേര്യമംഗലം പാലം ഇപ്പോള്‍ കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ കേരളത്തില്‍ വരുന്ന ഭാഗത്തെ പ്രധാന പാലവുമാണ്.
1935 മാര്‍ച്ച് 2ന് അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീ ചിത്തിരതിരുനാള്‍ രാമവര്‍മ്മ മഹാരാജാവാണ് പാലം ഗതാഗതത്തിനായി തുറന്ന് നല്‍കിയത്. വാഹനങ്ങള്‍ ഏറെ കുറവായിരുന്ന അക്കാലത്ത് വളരെ ദീര്‍ഘ വീക്ഷണത്തോടെ നിര്‍മ്മിക്കപ്പെട്ടതായിരുന്നു ഈ പാലം. ഒരു വലിയ വാഹനത്തിനും ഒരു ചെറിയ വാഹനത്തിനും ഒരേ സമയം കടന്നു പോകാവുന്ന രീതിയിലായിരുന്നു പാലത്തിന്റെ നിര്‍മ്മാണം.
രാജഭരണകാലത്ത് ആദ്യഘട്ടത്തില്‍ ആലുവ മൂന്നാര്‍ റോഡ് കോതമംഗലം, തട്ടേക്കാട്, പൂയംകൂട്ടി, പെരുമ്പന്‍കുത്ത് വഴിയായിരുന്നു.1857 ല്‍ യൂറോപ്യന്‍ പ്ലാന്റേഷന് കമ്പനിക്ക് വേണ്ടി തിരുവിതാംകൂര്‍ രാജവിന്റെ അനുമതിയോടെ സര് ഡാനിയല്‍ ജോണ്‍ മണ്ട്രോ വായിപ്പ് നിര്‍മ്മിച്ചതായിരുന്നു തട്ടേക്കാട് വഴിയുണ്ടായിരുന്ന പഴയ ആലുവ- മൂന്നാര്‍ രാജപാത. കോതമംഗലത്തു നിന്നും 50 കി.മീ. യാത്ര കൊണ്ട് വളരെഎളുപ്പത്തില്‍ മൂന്നാര്‍ എത്തുന്നതരത്തിലായിരുന്നു പഴയ രാജപാത നിര്‍മ്മിച്ചിരുന്നത്.
1924 കേരളത്തെ നടുക്കിയ വെള്ളപൊക്കത്തില്‍ ഈ രാജപാതയിലെ പൂയംകൂട്ടിക്കും പെരുമ്പന്‍ കുത്തിനുമിടയിലെ കരിന്തിരിമല ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇതിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കുവാന്‍ രാജഭരണവും ബ്രിട്ടിഷുകാരും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതേ തുടര്‍ന്നാണ് 1931-32 കാലഘട്ടത്തില്‍ ഇപ്പോഴത്തെ കൊച്ചി-ധനുഷ് കോടി ദേശീയപാതയുടെ ഭാഗമായ കോതമംഗലം,നേര്യമംഗലം, അടിമാലി വഴിയുള്ള റോഡ് നിര്‍മ്മിക്കപ്പെടുന്നത്. പിന്നീട് പെരിയാറിന് കുറുകെ നേര്യമംഗലം പാലവും നിര്‍മ്മിക്കപ്പെട്ടു.
Post Your Comments