ഷാര്‍ജ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ചാശ്രമം. ആഫ്രിക്കന്‍ യുവാക്കളാണ് മുഖം മറച്ച് ആയുധങ്ങളുമായി കവര്‍ച്ചയ്ക്കായി എത്തിയത്. ഷാര്‍ജ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. കവര്‍ച്ചാശ്രമം നടത്തിയ രണ്ട് ആഫ്രിക്കന്‍ വംശജരെ പോലീസ് മിനിറ്റുകള്‍ക്കുള്ളില്‍ പിടികൂടി. വ്യാഴാഴ്ച രാത്രി 11.40-ന് അല്‍വഹ്ദയിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് കവര്‍ച്ചയ്ക്കായി യുവാക്കള്‍ എത്തിയത്.
മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികളായ രണ്ടുപേര്‍ കാഷ് കൗണ്ടറിലെ ജീവനക്കാരനെ ആക്രമിച്ച് പണം കൊള്ളയടിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. എന്നാല്‍, കൗണ്ടറിലെ ജീവനക്കാരന്‍ ശക്തമായി ചെറുത്തുനിന്നു. അതോടെ അക്രമികളിലൊരാള്‍ ജീവനക്കാരനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. അപ്പോഴേക്കും മറ്റൊരു ജീവനക്കാരനും സഹായമായെത്തി. ഇരുവരുടെയും ധീരമായ ചെറുത്തുനില്‍പ്പ് മോഷണശ്രമം വിഫലമാക്കി. ഇതിനിടയില്‍ അക്രമികളിലൊരാള്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. അപ്പോഴേക്കും പോലീസ് സ്ഥലത്തെത്തി അക്രമികളിലൊരാളെ അവിടെനിന്നുതന്നെ പിടികൂടി. പുറത്തേക്ക് ഓടിരക്ഷപ്പെട്ടയാളെ അഞ്ചു മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ കണ്ടെത്തി അറസ്റ്റ് ചെയ്തതായി ഷാര്‍ജ പോലീസ് ഓപ്പറേഷന്‍സ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് റാഷിദ് ബയത് പറഞ്ഞു.
വിവരമറിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ പോലീസ് സ്ഥലത്തെത്തിയതാണ് അക്രമികളെ മിനിറ്റുകള്‍ക്കുള്ളില്‍ പിടികൂടാന്‍ സഹായമായത്. അക്രമികളുമായുള്ള മല്‍പ്പിടുത്തത്തിനിടയില്‍ രണ്ടു ജീവനക്കാര്‍ക്ക് പരുക്കേറ്റിരുന്നു. ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കിയതായും പോലീസ് വ്യക്തമാക്കി.
Post Your Comments