ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന വാര്‍ത്തകള്‍ തെറ്റെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം കേരളത്തില്‍ ആരും അംഗീകരിക്കാതിരിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നില്ലെന്ന വാര്‍ത്ത തെറ്റാണെന്നും സുധാകരന്‍ ഡല്‍ഹിയില്‍ വ്യക്തമാക്കി.
‘അവസാനത്തെ ആയുധം എന്ന രീതിയില്‍ മാത്രമേ ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കൂ. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ അദ്ദേഹവും മത്സരിക്കുമെന്ന് തന്നെയാണ് വിശ്വാസം. കണ്ണൂരില്‍ സുധാകരനല്ലാത്ത മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കും വിജയ സാധ്യതയുണ്ടെന്നും’ അദ്ദേഹം പറഞ്ഞു. താന്‍ വ്യക്തിപരമായ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നു അത് എന്താണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനുള്ള നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരുന്നുണ്ട്. ഇതിന് ശേഷം ഈ മാസം 15ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് സൂചന.
Post Your Comments